മലയോര ഹൈവേ നിർമ്മാണം വീണ്ടും തുടങ്ങി
പാലോട്: മലയോരഹൈവേയുടെ നിർമ്മാണം വീണ്ടും തുടങ്ങി. കഴിഞ്ഞ എട്ടു വർഷമായി റോഡ് നിർമ്മാണം വലിഞ്ഞും ഇഴഞ്ഞും നീങ്ങുകയായിരുന്നു. പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര വരെയുള്ള ഒൻപതര കിലോമീറ്ററിലാണ് നിർമ്മാണം ഇഴഞ്ഞു നീങ്ങിയിരുന്നത്. ഇവിടെ റോഡ് പലഭാഗങ്ങളിലായി തകർന്നു കിടക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിൽ അടിമുടി ക്രമക്കേടുകളും അശാസ്ത്രീയതയുമുണ്ടെന്നു കാട്ടി നിരവധി പരാതികളാണ് പൊതുമരാമത്തിന് ലഭിച്ചിരുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിമാത്രം നിലനിറുത്തിയാണ് പണി നടക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. കൈയേറ്റം ഒഴിപ്പിക്കുന്നതിനോ, ശാസ്ത്രീയമായി റോഡിന്റെ വീതി കൂട്ടുന്നതിനോ ഉള്ള ശ്രമങ്ങളുണ്ടായില്ല. കൊച്ചുകരിക്കകം മുതൽ കൊപ്പംവരെയുള്ള റോഡിലാണ് ഇപ്പോൾ ടാറിംഗ് ജോലികൾ ആരംഭിച്ചത്.
മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇക്ബാൽ കോളേജ് തെന്നൂർ റോഡിൽ മെറ്റൽ മാത്രം പാകിയിട്ടത് നിരന്തരം അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതിൽ നാട്ടുകാർ നിരന്തരം എം.എൽ.എയ്ക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നേരത്തെ കരാർ ഏറ്റെടുത്തിരുന്ന റിവൈവ് എന്ന കമ്പനിയെ വീണ്ടും റോഡ് നിർമ്മാണം ഏൽപ്പിച്ചത്. വിതുര പൊന്നാംചുണ്ട് റോഡിലൂടെ വർഷങ്ങളായി ബസ് സർവീസുകൾ ഏറെ അപകടകരമായിട്ടാണ് യാത്രചെയ്യുന്നത്. മണ്ണും പൊടിയും സഹിച്ച് കഴിഞ്ഞിരുന്ന നാട്ടുകാർക്ക് ഏറെ ആശ്വാസമാണ് കൊച്ചുകരിക്കകം റോഡിലെ ടാറിംഗ്.
തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം.
തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്, ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് ഹൈവേ കടന്നുപോകുന്നത്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.
കൊച്ചുകരിക്കകം പാലം ടാർ ചെയ്യും
തകർന്ന് തരിപ്പണമായ കൊച്ചുകരിക്കകം പാലം തൽക്കാലം ഏഴു ലക്ഷം രൂപ ചെലവിട്ട് പുനർനിർമ്മിക്കും. പാലത്തിന്റെ ഇരുവശങ്ങളിലെ റോഡും ടാർ ചെയ്യും. ഈ പാലത്തിന്റെ പൊളിച്ചു പണിക്കും സമീപത്തെ വസ്തു ഏറ്റെടുക്കലിനുമായി നേരത്തെ ആറ് കോടി അനുവദിച്ചിരുന്നു. അത് നടപ്പാക്കാൻ കാലതാമസമുണ്ടാകുന്നതിനാലാണ് തൽക്കാലം പാലം പുനർനിർമ്മാണവും റോഡ് ടാറിംഗും നടത്തുന്നത്. കൊച്ചുകരിക്കകം പാലം മൂന്ന് മീറ്റർ വീതിയിലാണ് പൊളിച്ചു പണിയുന്നതെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.