ബിഹാർ ജയം കേരളത്തിലടക്കം ഊര്‍ജ്ജമാകും: പ്രധാനമന്ത്രി
ന്യൂഡൽഹി: ബിഹാറിലെ വൻ വിജയം അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ജയിക്കാനുള്ള ഉൗർജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എയുടെ അടുത്ത ലക്ഷ്യം ബംഗാളാണെന്നും വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പ് ജയത്തെ തുടർന്ന് ഡൽഹി ഡി.ഡി.യു മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാ-യൂത്ത് ഫോർമുല (എം.വൈ) ബിഹാറിൽ വിജയം സമ്മാനിച്ചെന്നും സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളിയെന്നും ജനാധിപത്യം വിജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാസഖ്യത്തിന്റെ മുസ്‌ലിം-യാദവ് എം.വൈ ഫോർമുല എൻ.ഡി.എ മാറ്റിയെഴുതി.
സമാധാനപരമായാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്.ഐ.ആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.
ബി.ജെ.പി ഒരു തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകൾ ആറു തെരഞ്ഞെടുപ്പിലും കൂടി കോൺഗ്രസിന് നേടാനായില്ലെന്ന് മോദി പരിഹസിച്ചു. നാലു സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ് മാവോവാദി കോൺഗ്രസ് ആയി മാറിയെന്നും പരിഹസിച്ചു.
രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച പ്രധാനമന്ത്രി കോൺഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന് പറഞ്ഞു. കോൺഗ്രസ് മറ്റു പാർട്ടികൾക്ക് ബാധ്യതയാണ്.
പാർട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സ്വീകരിച്ചു. ഷാൾ വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. 'ഛഠി മയ്യ കീ ജയ്' എന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോദിക്കൊപ്പം ആഘോഷവേദിയിലെത്തി.