മിഷൻ മോദി സൂപ്പർ ഹിറ്റ്

Saturday 15 November 2025 1:15 AM IST

ന്യൂഡൽഹി: ബീഹാറർ ഒറ്റയ്ക്ക് നേടാനുള്ള നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ 'മിഷൻ പാടലിപുത്രം' ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നക്കത്തിനടുത്തെത്തിയ നേട്ടം അതാണ് പറയുന്നത്.

2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം എൻ.ഡി.എ നേടുന്ന നാലാം തിരഞ്ഞെടുപ്പ് ജയവുമാണിത്. നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം (ജാർഖണ്ഡ് ഒഴികെ) ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹരിയാനയിൽ ഭരണത്തുടർച്ച നേടിയ പാർട്ടി മഹാരാഷ്‌ട്രയിൽ ശിവസേനയെ വശത്താക്കി മുൻസീറ്റിലെത്തി. 2014 മുതൽ കരടായിരുന്ന കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടിയെ തറപറ്റിച്ച് ഡൽഹിയിൽ മധുര വിജയം നേടി. 2025ന്റെ തിലക്കുറിയായി ബിഹാർ വിജയവും.

മഹാരാഷ്‌ട്രയിൽ ശിവസേനയെ മറികടന്നതുപോലെ ഇക്കുറിയും ബീഹാറിൽ ജെ.ഡി.യുവിനെ രണ്ടാമതാക്കി. എന്നാൽ കേന്ദ്രത്തിലെ കൂട്ടുഭരണത്തിന്റെ ബാദ്ധ്യത കാരണം ജെ.ഡി.യുവിനെ കൈവിടാനാകില്ല. അതിനാൽ ഇക്കുറിയും മുഖ്യമന്ത്രിയായി നിതീഷിനെ വാഴിക്കാത നിർവാഹമില്ല. നേതൃദാരിദ്ര്യവും സംസ്ഥാനത്ത ഒരു വിഷയമാണ്. എങ്കിലും മോദി പ്രഭാവം നൽകിയ മുന്നേറ്റം ഭരണത്തിൽ മേൽക്കൈ നൽകും.

2013ൽ നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട നിതീഷിനെ എല്ലാം മറന്ന് തിരിച്ചുകൊണ്ടുവന്നത് ബീഹാർ നിലനിറുത്താൻ ലക്ഷ്യമിട്ടാണ്. 2020ൽ ഒറ്റയ്‌‌ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയെ മുന്നണിയിൽ ഉൾപ്പെടുത്തിയതും 29 സീറ്റുകൾ നൽകിയതും വോട്ട് ചോർച്ച ഒഴിവാക്കാനാണ്. ഒരു സീറ്റിൽ നിന്ന് 19 സീറ്റിലേക്ക് ചിരാഗും ജ്വലിച്ചുയർന്നു.

മുന്നിൽ നിന്ന്

നയിച്ച് മോദി

ലാലു പ്രസാദ്-റാബ്രി കാലഘട്ടത്തിലെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള 'ജംഗിൾരാജ്'(കാട്ടുഭരണം) മുദ്രാവാക്യവും ആർ.ജെ.ഡിയും കോൺഗ്രസും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണവുമാണ് പ്രചാരണ വിഷയമാക്കിയത്. നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് ജില്ലാ റാലികൾ നടത്തി. വമ്പൻ വികസന പദ്ധതികളും ക്ഷേമ പ്രഖ്യാപനങ്ങളും നേരിട്ടെത്തി ഉദ്ഘാടനം ചെയ്തു. അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവർക്കൊപ്പം പാർട്ടി മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തി. ബീഹാറിലെ ജയം അടുത്ത വർഷം നടക്കുന്ന പശ്‌ചിമ ബംഗാൾ, കേരളം, തമിഴ്നാട്, ആസാം തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പ്രചോദനമാകും.

ബിഹാറിലെ

ബി.ജെ.പി പ്രകടനം

1995: 41, 2000: 41, 2005: 55, 2010:91, 2015:53, 2020:74, 2025:90