ചിരാഗ് എന്ന നിർണായക ശക്തി
ന്യൂഡൽഹി: ജെ.ഡി.യുവിന് കിട്ടേണ്ട വോട്ടുകൾ പിടിച്ച് 2020ൽ എൻ.ഡി.എ വിജയത്തിളക്കം കെടുത്തിയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി). ബീഹാറിൽ നിർണായക ശക്തിയാണെന്ന് പാർട്ടി ഒരിക്കൽ കൂടി തെളിയിച്ചു. വിലപേശിയെടുത്ത 29 സീറ്റുകളിൽ 19ലും ജയിച്ച (5% വോട്ട് വിഹിതം) എൽ.ജെ.പി, എൻ.ഡി.എയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. സീമാഞ്ചൽ, മഗധ് മേഖലകളിൽ കോൺഗ്രസിനും ആർ.ജെ.ഡിക്കും എൽ.ജെ.പി സാന്നിദ്ധ്യം തിരിച്ചടിയായി.
വൻ തിരിച്ചുവരവ്
പിതാവ് രാംവിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഒറ്റപ്പെട്ട ചിരാഗിന്റെ തിരിച്ചുവരവു കൂടിയാണിത്. രാംവിലാസ് പാസ്വാന്റെ പാരമ്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുന്ന അമ്മാവൻ പശുപതി പരസിനുള്ള മറുപടിയും. 2020ൽ 137 സീറ്റിൽ ഒറ്റയ്‌ക്ക് മത്സരിച്ചു. ഒരിടത്ത് മാത്രമാണ് ജയിക്കാനായതെങ്കിലും 30ഓളം സീറ്റുകളിൽ ജെ.ഡി.യു വോട്ട് ഭിന്നിപ്പിക്കാൻ ചിരാഗിന് കഴിഞ്ഞു. ഇക്കുറി ബി.ജെ.പി നേതൃത്വം അർപ്പിച്ച വിശ്വാസം കാക്കുകയും ചെയ്‌തു. താൻ പ്രധാനമന്ത്രി മോദിയുടെ ഹനുമാനാണെന്ന് ചിരാഗ് പ്രഖ്യാപിച്ചിരുന്നു. 43 കാരാനായ ചിരാഗ് നിലവിൽ കേന്ദ്ര മന്ത്രിയാണ്.