അടിപതറി ആർ.ജെ.ഡി
ന്യൂഡൽഹി: ഭരണം പിടിക്കാനുറച്ചിറങ്ങിയ തിരഞ്ഞെടുപ്പിൽ കാലിനടിയിലെ മണ്ണും ഒലിച്ചു പോയ അവസ്ഥയിലാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന തേജസ്വി യാദവിന്റെ ആർ.ജെ.ഡി. 143 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് 2020ൽ ജയിച്ചതിന്റെ പകുതി പോലുമില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നേറ്റം നടത്തിയെങ്കിലും എൻ.ഡി.എ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാനായില്ല.
36കാരനായ തേജസ്വി യാദവിന് യുവ നേതാവെന്ന നിലയിലുള്ള പ്രതിച്ഛായ വോട്ടായി മാറിയില്ല. എക്‌സിറ്റ് പോളുകൾ പാർട്ടി താഴോട്ട് പോകുമെന്ന് പ്രവചിച്ചെങ്കിലും മുഖ്യമന്ത്രിയായി ജനങ്ങൾ ആഗ്രഹിച്ചത് തേജസ്വിയെ ആണെന്ന് കണ്ടെത്തിയിരുന്നു.
ബീഹാർ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. 2010ൽ 22 സീറ്റിൽ ഒതുങ്ങിയതാണ് ഏറ്റവും വലിയ തിരിച്ചടി. തേജസ്വി യാദവിന്റെ അമ്മ റാബ്‌റി ദേവി മുഖ്യമന്ത്രിയായ 2005ലെ തിരഞ്ഞെടുപ്പിൽ 55 സീറ്റുകൾ നേടിയിരുന്നു. 2020ൽ 75 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിയുടെ വോട്ടു ബാങ്കുകളിൽ ബി.ജെ.പിയും ജെ.ഡി.യുവും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിയും കടന്നു കയറി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം വോട്ടുകൾ ഭിന്നിപ്പിച്ചതും തിരിച്ചടിയായി. അതേസമയം വോട്ട് വിഹിതത്തിൽ വലിയ ഇടിവുണ്ടായില്ല (2025-22.87% 2020-23.11%)