ഫാം ഉടമകളെന്ന വ്യാജേന അമോണിയം നൈട്രേറ്റ് വാങ്ങി

Saturday 15 November 2025 1:22 AM IST

ന്യൂഡൽഹി: ചെങ്കോട്ടയിൽ അടക്കം സ്ഫോടനം നടത്താൻ ഡോ. ഉമർ നബിയും സംഘവും ഫാം ഉടമകളെന്ന വ്യാജേന വളം വിതരണക്കാരിൽ നിന്ന് അമോണിയം നൈട്രേറ്റ് വാങ്ങിയെന്നാണ് നിഗമനം. ഹരിയാന നൂഹ് ജില്ലയിലെ ബസായ് മിയോ ഗ്രാമത്തിലെ വളം ഡീലർ ദിനേശ് സിംഗ്ലയെ കസ്റ്റഡിയിലെടുത്തു.

2600 കിലോ എൻ.പി.കെ വളവും 1000 കിലോയിൽപ്പരം അമോണിയം നൈട്രേറ്റും പല തവണയായി ശേഖരിച്ചു. ശ്രീനഗർ ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്ന് റൈഫിളുകളും വെടിക്കോപ്പുകളും ഫരീദാബാദിലേക്ക് എത്തിച്ചു. സ്‌ഫോടനപദ്ധതിക്ക് 26 ലക്ഷം രൂപ സമാഹരിച്ച് ഉമറിനെ ഏൽപ്പിച്ചിരുന്നു.

ആസൂത്രണത്തിന് 'ത്രീമ' ആപ്പും

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം

ആസൂത്രണം ചെയ്യാൻ സ്വിസ് ആപ്പായ 'ത്രീമ' ഉപയോഗിച്ചതായും കണ്ടെത്തി. ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ നമ്പറോ,​ ഇമെയിൽ ഐ.ഡിയോ ആവശ്യമില്ല. പ്രത്യേക ഐ.ഡി നമ്പറാണ് നൽകുക. ഉപയോഗിക്കുന്നയാളെ തിരിച്ചറിയാൻ സാധിക്കുകയില്ല.

കേഴ്‌വിക്ക് തകരാർ

12 പേരാണ് എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാലു പേർ ഐ.സി.യുവിലാണ്. മിക്കവരുടെയും കേഴ്‌വിക്ക് സാരമായ തകരാറുണ്ട്. ചിലർക്ക് സ്ഥിരമായി കേൾവി ശക്തി നഷ്‌ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി. സംഭവത്തിൽ 13 പേരാണ് മരിച്ചത്.