ലീഗിന് വഴങ്ങി കോൺഗ്രസ് ജില്ലാ പഞ്ചായത്തിൽ ആദ്യമായി സീറ്റ്

Saturday 15 November 2025 1:40 AM IST

കോട്ടയം: ജില്ലാ പഞ്ചായത്തിൽ ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആദ്യമായി സീറ്റ് നൽകി യു.ഡി.എഫ്. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഉറപ്പിൽ സൗഹൃദ മത്സരം ഉപേക്ഷിച്ച ലീഗ്

ഇത്തവണ കോൺഗ്രസ് നേതൃത്വത്തെ സീറ്റ് ആവശ്യം ഉന്നയിച്ച് സമ്മർദ്ദത്തിലാക്കുകയായിരുന്നു. അതേസമയം ലീഗ് ആവശ്യപ്പെട്ട മുണ്ടക്കയം,​ എരുമേലി സീറ്റുകൾ നൽകില്ല.

പ്രചരണത്തിന് സമയം അടുത്തതോടെയാണ് ലീഗുമായി അതിവേഗം സൗഹൃദത്തിലായത്. പുതിയ ഡിവിഷനായ തലനാട് കോൺഗ്രസ് ഏറ്റെടുത്തപ്പോൾ കഴിഞ്ഞ തവണ മത്സരിച്ച എട്ട് സീറ്റുകളും കേരളാ കോൺഗ്രസിന് നൽകാനും ധാരണയായി. ഇതോടെ ആകെ 23 സീറ്റുകളിലായി കോൺഗ്രസ് 14ലും കേരളാ കോൺഗ്രസ് എട്ട് ,​ ലീഗ് ഒന്ന് വീതം സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസുമായി ചില സീറ്റുകൾ കേരളാ കോൺഗ്രസ് വച്ചു മാറിയിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനം വന്നതിന് ശേഷമേ ലീഗിന് മത്സരിക്കാൻ ഡിവിഷൻ നൽകൂ. പായിപ്പാട് പഞ്ചായത്തിലും ചങ്ങനാശേരി നഗരസഭയിലും ലീഗുമായുണ്ടായിരുന്ന തർക്കവും കോൺഗ്രസ് പരിഹരിച്ചു.