ജില്ലാ പഞ്ചായത്ത് : ജിലു ജോൺ അയർകുന്നത്തെ മാണി ഗ്രൂപ്പ് സ്വതന്ത്ര,

Saturday 15 November 2025 1:51 AM IST

യു.ഡി.എഫിൽ തർക്കം ഘടക കക്ഷി സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തതായി പരാതി

കോട്ടയം: ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സീറ്റു വിഭജനത്തിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനു നൽകിയ പത്തു സീറ്റിൽ ഒരു സീറ്റിൽ രണ്ടിലക്കു പകരം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കണമെന്ന ധാരണ പാലിച്ച് അയർകുന്നത്ത് മാണി ഗ്രൂപ്പ്സ്വതന്ത്രയായി ജിലു ജോൺ മത്സരിക്കും. ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയായെങ്കിലും മുഴുവൻ ഘടക കക്ഷി സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ തീരുമാനമാകാത്തതിനാൽ പ്രഖ്യാപനം നീളും.

നഗരസഭകളിൽ പാലായിൽ കേരളാ കോൺഗ്രസ് എം 18 സീറ്റിലും എറ്റുമാനൂർ ,ചങ്ങനാശേരി എന്നിവിടങ്ങളിൽ ഒമ്പതു സീറ്റുകളിൽ വീതവും കോട്ടയത്ത് 5 സീറ്റിലും ഈരാറ്റുപേട്ടയിൽ നാലു സീറ്റിലും വൈക്കത്തു രണ്ടു സീറ്റിലും മത്സരിക്കാൻ ധാരണയായി.

കോട്ടയം നഗരസഭയിൽ 53ൽ 37 ഇടത്ത് സി.പി.എം മത്സരിക്കും. സി.പി.ഐ എട്ട് ,കേരളാ കോൺഗ്രസ്എം അഞ്ച് ,എൻ.സിപി ഒന്ന്, ജനതാദൾ ഒന്ന് കേരളാ കോൺഗ്രസ് സ്കറിയ ഒന്ന്.

അതേ സമയം യു.ഡിഎഫിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സീറ്റു വിഭജനം എങ്ങുമെത്താതെ നീളുകയാണ്. ഘടക കക്ഷി കൾക്കു കഴിഞ്ഞ തവണ നൽകിയ സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തതായുള്ള പരാതിയും വ്യാപകമാകുന്നു.

കോട്ടയം നഗരസഭയിൽ തങ്ങൾ കഴിഞ്ഞ തവണ വിജയിച്ച മൂന്നാം വാർഡ് കോൺഗ്രസ് ഏകപക്ഷീയമായി ഏറ്റെടുത്തതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തി. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സാബു മാത്യു പ്രചാരണം തുടങ്ങി. ജോസഫ് വിഭാഗത്തിന് വിജയസാധ്യതയുള്ള സീറ്റ് കോൺഗ്രസ് തങ്ങളെ അറിയിക്കാതെ ഏറ്റെടുത്തതെന്നാണ് വിമർശനം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കണമെന്ന അഭിപ്രായവും ഉയർന്നു .