മണ്ഡലകാലത്ത് പൊള്ളിച്ച് വിലക്കയറ്റം

Saturday 15 November 2025 1:55 AM IST

കോട്ടയം: ശരണംവിളിയാൽ മനസ് നിറയുന്ന മണ്ഡലകാലം അരികെയെത്തിയതോടെ ക്ഷേത്രങ്ങൾ ഒരുങ്ങി. ജില്ലയിലെ ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അയ്യപ്പൻമാരെ കാത്ത് വിപണി നേരത്തേ ഒരുങ്ങി. മാലമുതൽ തേങ്ങവരെ വിലക്കയറ്റമാണ്. അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിയിട്ടുണ്ട്. 50 രൂപ മുതലാണ് മാലകൾക്കു വില. തുളസിമാല, രുദ്രാക്ഷമാല എന്നിവയാണ് കൂടുതൽ പേരും വാങ്ങുന്നത്. രുദ്രാക്ഷ മാലകൾക്കു താരതമ്യേന വില കൂടുതലാണ്. 10 രൂപ മുതൽ ലോക്കറ്റുകൾ ലഭ്യമാണ്. അവിൽ, മലർ, നെയ്യ്, കളഭം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളികേരം, ഭസ്മം തുടങ്ങി കെട്ടുനിറയ്ക്ക് ആവശ്യമായ എല്ലാ പൂജാ സാധനങ്ങളും കടകളിൽ എത്തിച്ചിട്ടുണ്ട്. ഇരുമുടി സഞ്ചി, ചെറുസഞ്ചി, തോൾസഞ്ചി, കറുത്തമുണ്ട്, തീർഥാടക വാഹനങ്ങളിലും മറ്റും വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയും വിൽപനയ്ക്കുണ്ട്.

വിലയിങ്ങനെ (രൂപ)

മാല: 50- 200

തോൾ സഞ്ചി: 45-150

ചെറിയ സഞ്ചി: 20

 കറുപ്പുമുണ്ട്: 150 മുതൽ

''മണ്ഡലകാല സീസൺ പ്രമാണിച്ചുള്ള തിരക്ക് തുടങ്ങിയിട്ടുണ്ട്. മാലയടക്കം നേരത്തെ എത്തിച്ചിട്ടുണ്ട്

രജേന്ദ്ര കമ്മത്ത്,

മൊത്തവ്യാപാരി

തേങ്ങവില കൂടും

സീസൺ അടുത്തതോടെ തേങ്ങ വിലയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ജനുവരി വരെ വില ഉയർന്നുനിൽക്കുമെന്നുമാണ് സൂചന. കേരളത്തിൽ മികച്ച വിപണി ലഭിച്ചതോടെ തമിഴ്നാട്ടിലും തേങ്ങയുടെ വില കയറി. കർണാടക, ഗോവ സംസ്ഥാനങ്ങളിൽ തേങ്ങ മൂല്യവർധിതമാക്കി മറ്റിടങ്ങളിൽ വിറ്റഴിക്കുന്നു. ലക്ഷദ്വീപ് തേങ്ങ വൻകിട എണ്ണമില്ലുകൾ നേരിട്ട് വാങ്ങി സംസ്‌കരിക്കുന്നതിനാൽ മാർക്കറ്റിൽ വിൽപനയ്ക്ക് എത്തുന്നില്ല. സംസ്ഥാനത്ത് നാളികേര ഉത്പാദനത്തിൽ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ കാരണമായി. നിലവിൽ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 40 രൂപ മുതൽ 45 രൂപ വരെയാണ്. ശബരിമല സീസണിൽ നെയ്‌ത്തേങ്ങയ്ക്ക് ഡിമാൻഡ് വർദ്ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്നാട്ടിൽ നിന്നെത്തിച്ച വ്യാപാരികൾ സ്റ്റോക്ക് ചെയ്യുകയാണ്. കൂടാതെ മണ്ഡലകാലത്ത് വെളിച്ചെണ്ണയ്ക്കും വിൽപന വർദ്ധിക്കും.