കൺമുമ്പിൽ പുലി, ഞെട്ടൽ മാറാതെ പ്രമീള
മുണ്ടക്കയം ഈസ്റ്റ്: വനംവകുപ്പിന്റെ അനാസ്ഥ തുടരുമ്പോൾ കൊടുകുത്തി പാരിസൺ എസ്റ്റേറ്റിൽ പുലി ഇറങ്ങി. തൊഴിലാളികൾ പുലിയെ കണ്ട് നിലവിളിച്ചോടി. വെള്ളിയാഴ്ച രാവിലെ ആറരയോടെ കൊടുകുത്തി നാലാം കാട്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിലൂടെ നടന്നു പോകുന്ന പുലിയാണ് തൊഴിലാളികൾ കണ്ടത്. മുന്നിൽ പുലിയെ കണ്ട മൂടാവേലിതേക്കൂറ്റിൽ പ്രമീളയ്ക്കു പുലിയെ കണ്ടതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷും പ്രമീളയും മറ്റ് തൊഴിലാളികളും പുലിയെ കണ്ട് ചിതറി ഓടി. പ്രമീളയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് തൊഴിലാളികൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തൊഴിലാളികൾക്ക് ടാപ്പിങ്ങിനു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അധികൃതർക്കെതിരെ പ്രതിഷേധവും ശക്തമാക്കി. കഴിഞ്ഞ നാളുകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ട്. ഇവിടെ നിന്നും നിരവധി പശുക്കളുടെ ജഡം കണ്ട അതേ സ്ഥലത്താണ് പുലിയെ തൊഴിലാളികൾ കണ്ടത്. നേരത്തെ വനവകുപ്പ് മേഖലയിൽ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. വീണ്ടും ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. ഒരു ജീവൻ പൊലിയുന്നതുവരെ കാത്തുനിൽക്കാതെ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.