ഡോക്യുമെന്ററി വിവാദം : ട്രംപിനോട് ക്ഷമ പറഞ്ഞ് ബി.ബി.സി
നഷ്ടപരിഹാരം നൽകില്ല
ലണ്ടൻ: ഡോക്യുമെന്ററി വിവാദത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് മാദ്ധ്യമമായ ബി.ബി.സി. എന്നാൽ ഡോക്യുമെന്ററിയുടെ പേരിൽ തങ്ങൾക്കെതിരെ കേസ് നൽകാൻ ട്രംപിന്റെ ഭാഗത്ത് നിയമസാധുതയില്ലെന്ന് ബി.ബി.സി പറഞ്ഞു.
ഡോക്യുമെന്ററിയിലൂടെ ട്രംപിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആവശ്യങ്ങൾ ബി.ബി.സി തള്ളി. അതേസമയം, വിവാദ ഡോക്യുമെന്ററി ഇനി സംപ്രേഷണം ചെയ്യില്ലെന്ന് ബി.ബി.സി വ്യക്തമാക്കി. 'വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതിൽ അഗാധമായി ഖേദിക്കുന്നു. എന്നാൽ അപകീർത്തിപ്പെടുത്തിയെന്ന വാദത്തോട് ശക്തമായി വിയോജിക്കുന്നു" ബി.ബി.സി അറിയിച്ചു.
ട്രംപിനെതിരായി കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ബി.ബി.സി ഡോക്യുമെന്ററിയിൽ നടത്തിയ എഡിറ്റിംഗാണ് വിവാദമായത്. ഡോക്യുമെന്ററി പിൻവലിച്ചില്ലെങ്കിൽ കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ട്രംപിന്റെ അഭിഭാഷകർ ബി.ബി.സിയെ അറിയിച്ചിരുന്നു. ബി.ബി.സിയിലേത് 100 ശതമാനം വ്യാജ വാർത്തകളാണെന്ന് ട്രംപ് പരിഹസിച്ചിരുന്നു.
# വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്തു
2021 ജനുവരിയിലെ കാപിറ്റോൾ കലാപത്തിന് ട്രംപ് ആഹ്വാനം നൽകിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ, കലാപത്തിന് മുമ്പ് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മൂന്ന് വ്യത്യസ്ത ഭാഗങ്ങൾ ബി.ബി.സി ഡോക്യുമെന്ററിയിൽ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു
വ്യത്യസ്ത സന്ദർഭത്തിലെ വീഡിയോ ദൃശ്യങ്ങളും ട്രംപിന്റെ പ്രസംഗത്തോടൊപ്പം കാണിച്ചത് തെറ്റിദ്ധാരണയുണ്ടാക്കി
ഡോക്യുമെന്ററി ബി.ബി.സിയുടെ പനോരമ വാർത്ത പരിപാടിയിൽ സംപ്രേക്ഷണം ചെയ്തത് 2024 നവംബറിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്
വിവാദം ആളിക്കത്തിയതോടെ ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ ഡെബോറ ടർണെസും രാജിവച്ചു