ഇന്ത്യയിലേക്കുള്ള വിമാനത്തിന് അനുമതി നിഷേധിച്ച് തുർക്കി
ഇസ്താംബുൾ: ഇന്ത്യൻ കരസേനയ്ക്കായി മൂന്ന് എ.എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി എത്തിയ ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. അരിസോണയിലെ മെസാ ഗേറ്റ്വേ വിമാനത്താവളത്തിൽ നിന്ന് ഈ മാസം ഒന്നിനാണ് ഹെലികോപ്റ്ററുകളുമായി ആന്റനോവ് എ.എൻ -124 ചരക്കുവിമാനം പറന്നുയർന്നത്. ഇന്ധനം നിറയ്ക്കാൻ ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കി. എന്നാൽ, തുർക്കി വ്യോമപാത നിഷേധിച്ചതിനാൽ എട്ടു ദിവസം ഇവിടെ തന്നെ വിമാനം തുടർന്നെന്നും ശേഷം യു.എസിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ട്. ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കരസേനയ്ക്ക് നൽകാനാണ് യു.എസ് കരാർ. ഇതിൽ മൂന്നെണ്ണം ജൂലായിൽ കൈമാറിയിരുന്നു. അന്ന് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് തടസങ്ങളൊന്നും നേരിട്ടിരുന്നില്ല. ഇന്ത്യയുമായുള്ള നയതന്ത്ര വിള്ളലുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമായാണ് പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന തുർക്കിയുടെ നടപടിയെ വിലയിരുത്തുന്നത്. ഹെലികോപ്റ്ററുകൾ മറ്റ് മാർഗ്ഗത്തിലൂടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ആലോചനയിലാണ് ബോയിംഗ്. എന്നാൽ ഇത് വിതരണം വൈകാൻ കാരണമായേക്കും.
അപ്പാച്ചെ - കരുത്തുറ്റ ആക്രമണ ഹെലികോപ്‌റ്റർ
ലോകത്തെ ഏറ്റവും കരുത്തുറ്റ ആക്രമണ ഹെലികോപ്റ്ററാണ് ബോയിംഗ് എ.എച്ച് 64 ഇ അപ്പാച്ചെ. 2020ലാണ് കരസേനയ്ക്കായി 60 കോടി ഡോളറിന് 6 അപ്പാച്ചെകൾ വാങ്ങാൻ യു.എസുമായി ഇന്ത്യ കരാറിലെത്തിയത്. 2024 മേയ്-ജൂൺ കാലയളവിലാണ് ആദ്യ ബാച്ച് എത്തേണ്ടിയിരുന്നത്. എന്നാൽ വിതരണ ശൃംഖലയിലെ തടസങ്ങൾ മൂലം ഇത് നീണ്ടു. ഒടുവിൽ ഇക്കഴിഞ്ഞ ജൂലായിൽ ആദ്യ ബാച്ച് (3 എണ്ണം ) കൈമാറി. ഇന്ത്യൻ വ്യോമസേന നിലവിൽ 22 അപ്പാച്ചെകൾ ഉപയോഗിക്കുന്നുണ്ട്. 2015ലാണ് ഈ കരാറിൽ ഇന്ത്യ ഒപ്പു വച്ചത്. 2020ൽ വിതരണം പൂർത്തിയായി.
ആദ്യ പറക്കൽ - 1975 സെപ്റ്റംബർ 30
1986ൽ യു.എസ് ആർമിയുടെ ഭാഗമായി
കൈവശമുള്ള മറ്റ് രാജ്യങ്ങൾ - ഈജിപ്റ്റ്, ഗ്രീസ്, ഇൻഡോനേഷ്യ, ഇസ്രയേൽ, ജപ്പാൻ, കുവൈറ്റ്, നെതർലൻഡ്സ്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യു.കെ
അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ
എല്ലാ കാലാവസ്ഥയിലും, രാത്രിയിലും സുഗമമായി പറക്കാം
യുദ്ധസമയങ്ങളിൽ ഡിജിറ്റൽ ചിത്രങ്ങളും ലൊക്കേഷനും കൈമാറാനുള്ള സംവിധാനങ്ങളും സെൻസറുകളും
ഹെൽഫയർ മിസൈലുകളെ വഹിക്കുന്നു
റോക്കറ്റ് ലോഞ്ചറുകൾ, ഓട്ടോമാറ്റിക് ചെയ്ൻ ഗൺ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ
ശത്രുക്കളുടെ റഡാർ പരിധിയെ വെട്ടിച്ച് പറക്കുന്നു
നീളം 48.16 അടി
ഉയരം 15.49 അടി
വേഗത - മണിക്കൂറിൽ 279 കിലോമീറ്റർ