പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജനെതിരെ കോടതി ഇന്ന് ശിക്ഷ വിധിക്കും

Saturday 15 November 2025 7:49 AM IST

കണ്ണൂർ: പാലത്തായിയിൽ അദ്ധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശേരി അതിവേഗ പോക്സോ കോടതി ഇന്ന് ശിക്ഷവിധിക്കും. കേസിൽ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ച് പത്ത് വയസുകാരിയെ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റടക്കമുള്ള തെളിവുകളും ഉണ്ടായിട്ടും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു.