ജീവൻ  പണയം വച്ചുള്ള കളി; ബംഗീ ജമ്പിംഗിനിടെ കയർ പൊട്ടി താഴെ വീണു, യുവാവിന് ഗുരുതര പരിക്ക്

Saturday 15 November 2025 10:25 AM IST

ഋഷികേശ്: ബംഗീ ജമ്പിംഗിനിടെ കയർ പൊട്ടി താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. തീർ‌ത്ഥാടന കേന്ദ്രമായ ഋഷികേശിലെ വിനോദ കേന്ദ്രത്തിലാണ് സംഭവം. ബംഗീ ജമ്പിന് ശ്രമിച്ച സോനു കുമാ‌ർ എന്ന യുവാവാണ് 180 അടി ഉയരത്തിൽ നിന്ന് കയർ പൊട്ടി താഴെ വീണത്. ഇയാളെ ഉടൻ തന്നെ എയിംസ് ഋഷികേശിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ഇടത് കൈയ്ക്കും പരിക്കേറ്റ സോനുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു സോനു കുമാർ. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ നികിത ഖണ്ഡേൽവാൾ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ വിനോദ കേന്ദ്രത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. പ്രദേശത്തെ മറ്റ് സാഹസിക വിനോദങ്ങൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും സുരക്ഷാ പരിശോധനകൾ നടത്താനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

അപകടം സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ ഫോണിൽ വീഡിയോ പകർത്തി വിവരങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവച്ചിരുന്നു. ഇയാൾ അറിയിക്കുന്നതനുസരിച്ച് സാഹസിക വിനോദ കേന്ദ്രമായ ത്രിൽ ഫാക്ടറിയുടെ പക്കൽ ആംബുലൻസ് സൗകര്യം പോലും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സോനു കുമാറിനെ ഇയാളുടെ സ്വന്തം വാഹനത്തിലാണ് എയിംസ് ഋഷികേശിൽ എത്തിച്ചത്. കടുത്ത വേദനയിലായിരുന്നു സോനു. ശരീരത്തിൽ നിന്ന് ധാരാളം രക്തം വാ‌‌ർന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാഹസിക വിനോദ കേന്ദ്രങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയ‌ർന്നത്. 'ഇന്ത്യയിലുള്ള സാഹസിക വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അധികൃതർ പരിശോധന നടത്തുന്നില്ല, ഓപ്പറേറ്റർമാർക്ക് ശ്രദ്ധയില്ല. സുരക്ഷാ മുൻകരുതലുകളോ മാനദണ്ഡങ്ങളോ പാലിക്കുന്നില്ല. ഇതൊക്കെ സ്വന്തം ജീവൻ പണയം വച്ചുള്ള കളിയാണ്. അപകടമുണ്ടായാൽ അവർ അനാസ്ഥ മറച്ചു പിടിക്കാൻ വിധിയെ പഴിചാരും എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പലരും ഉന്നയിച്ചത്.

രാജ്യത്ത് സാഹസിക വിനോദങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ചുവരികയാണ്. സുരക്ഷാ നിയമങ്ങളോ പരിശോധനകളോ നടക്കുന്നില്ല. പല ഓപ്പറേറ്റർമാർക്കും ആവശ്യമായ പരിശീലനമോ ലൈസൻസുകളോ ഇല്ലാത്തത് വിനോദസഞ്ചാരികളെ അപകടത്തിലാക്കുന്നു. മിക്ക അപകടങ്ങളും അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നും നിരവധി പേർ വിമർശിച്ചു.