ജമ്മു കാശ്‌മീർ പൊലീസ് സ്റ്റേഷനിലെ സ്‌ഫോടനം; മരണസംഖ്യ ഒമ്പതായി, ചികിത്സയിൽ കഴിയുന്നത് 29പേർ

Saturday 15 November 2025 10:38 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ നൗഗം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഒമ്പതായി. 29 പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഹരിയാനയിൽ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കൾ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഫോറൻസിക് വകുപ്പിലെ മൂന്നുപേർ, തഹസീൽദാർ ഉൾപ്പെടെ റവന്യു വകുപ്പിലെ രണ്ടുപേർ, രണ്ട് പൊലീസ് ഫോട്ടോഗ്രാഫർമാർ, സംസ്ഥാന ഏജൻസിയിലെ ഒരു അംഗം, ഒരു തയ്യൽക്കാരൻ എന്നിവരാണ് മരിച്ചത്.

സ്‌ഫോടനത്തിൽ ലഡാക്ക് ലെഫ്‌റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌ത ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർ എത്രവും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അറിയിച്ചു.

മൃതദേഹങ്ങൾ ശ്രീനഗറിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റതിൽ 24പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. മൂന്നുപേർ സാധാരണക്കാരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്‌ച അർദ്ധരാത്രിയാണ് അപകടമുണ്ടായത്. അമോണിയം നൈട്രേറ്റ് ഉൾപ്പടെയുള്ള സ്‌ഫോടക വസ്‌തുക്കൾ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു.