സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ പ്രമുഖ നിർമാതാവ് അറസ്റ്റിൽ
ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയിൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൗഹൃദം സ്ഥാപിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. നിർമാതാവിന്റെ സമ്മർദ്ദം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണി തുടർന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, നടിയുടെ പരാതിയിലെ ആരോപണങ്ങൾ അരവിന്ദ് വെങ്കടേഷ് നിഷേധിച്ചു. നടിക്ക് താൻ പണവും വീടും നൽകിയെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമാണ് അരവിന്ദ് ആരോപിക്കുന്നത്.