'തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, ബീഹാറിൽ ജെഡിയു കളംമാറ്റിയാൽ സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല'

Saturday 15 November 2025 4:43 PM IST

ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ബീഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികൾക്കും ഇത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.

'മത്സരിച്ചതില്‍ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂര്‍വ്വമാണ്. അത്തരത്തില്‍ അപൂര്‍വ്വമായൊരു സാഹചര്യം ബീഹാറില്‍ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തും. ഫലം അവിശ്വസനീയമാണ്. കോണ്‍ഗ്രസിനുമാത്രമല്ല, ബീഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികള്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായി സംസാരിക്കുകയുണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ 19 കേസുകള്‍ നിലവിലുണ്ട്. ഉന്നയിച്ച കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ബീഹാറില്‍ ജെഡിയു കളം മാറ്റിയാൽ പോലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാക്കിയത്. അപകടകരമായ നിലയിലാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത്. ജനങ്ങള്‍ വോട്ട് ചെയ്താല്‍പോലും പ്രതിഫലിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകും'- കെ സി വേണുഗോപാൽ പറഞ്ഞു.