ഏറ്റുമാനൂരപ്പൻ ബസ്‌ബേ ചോർന്നൊലിക്കുന്നു, ഇവിടെ കാത്തിരിപ്പ് അതികഠിനമാണ്
ഏറ്റുമാനൂർ : മഴ നനയാതെ ഏറ്റുമാനൂരപ്പൻ ബസ്‌ബേയിലേക്ക് കയറിനിൽക്കാമെന്നാണ് യാത്രക്കാർ കരുതിയത്. പക്ഷേ മഴ പെയ്തുതുടങ്ങിയപ്പോൾ സാഹചര്യമാകെ മാറി. നനഞ്ഞുകുളിച്ച അവസ്ഥ. ഇത് ഏറ്റുമാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് ബേയിൽ നിന്നുള്ള ആദ്യകാഴ്ചയല്ല. കാത്തിരിപ്പ് കേന്ദ്രം ആകെ നാശത്തിന്റെ വക്കിലാണ്. ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർക്കാകട്ടെ അനങ്ങാപ്പാറ നയവും. മണ്ഡലകാലം നാളെ തുടങ്ങുകയാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന് തീർത്ഥാടകരാണ്. രാത്രികാലങ്ങളിലടക്കം പലരും ഇവിടെ വിശ്രമിക്കാൻ ഇരിക്കാറുണ്ട്. വൃത്തിഹീനമായ നിലയിലാണ് പരിസരം. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് സമീപമാണ് മാലിന്യം തള്ളുന്നത്. വെളിച്ചവുമില്ല. രാത്രിയായാൽ മദ്യപരുടെയും, തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമാണ്.
വെള്ളത്തിലായത് ലക്ഷങ്ങൾ
എം.സി റോഡരികിൽ ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കിയാണ് ബസ് ബേ നിർമ്മിച്ചത്. കൃത്യമായ അറ്റകുറ്റപ്പണിയില്ലാതായതോടെ മേൽക്കൂര തകർന്ന് ഷീറ്റുകൾ ദ്രവിച്ചു. ചില ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞ് വളഞ്ഞ് നിൽക്കുകയാണ്. ഏത് നിമിഷവും നിലംപൊത്താം. ബസ് ബേ നവീകരിക്കാൻ നടപടി ആവശ്യപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസന സമിതി രംഗത്തെത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. വീണ്ടും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ബസ് ബേ സംരക്ഷണ സമിതി പ്രസിഡന്റ് എറണാകുളം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സെക്രട്ടറി ബി. രാജീവ്, വൈസ് പ്രസിഡന്റ് അഡ്വ.ജി.കെ നായർ പാലാരിവട്ടം, വി.എം തോമസ്, പി.ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആവശ്യങ്ങൾ ഇങ്ങനെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് കൈമാറുക ഹൈമാസ്റ്റ് ലൈറ്റ്, സി.സി.ടി.വി സ്ഥാപിക്കുക മേൽക്കൂര അറ്റകുറ്റപ്പണി ഉടൻ നടത്തുക ബയോ ടോയ്‌ലെറ്റ്, പൊലീസ് സേവനം
''വൃശ്ചികം ഒന്നായ 17 ന് രാവിലെ 7.30 മുതൽ 8.30 വരെ ബസ് ബേ എത്തുന്ന എല്ലാവർക്കും പ്രഭാത ഭക്ഷണം നൽകും.സ്‌പോൺസർമാരുടെ സഹായത്തോടെ വിവിധ ദിനപത്രങ്ങൾ, കുട്ടികളുടെ മാസികകൾ തുടങ്ങിയവ യാത്രക്കാർക്ക് ലഭ്യമാക്കും.
ജനകീയ വികസന സമിതി