ദേശീയപാതയിലെ അപകടങ്ങൾ
ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയായതിനുശേഷം വാഹനങ്ങൾ അതിവേഗതയിൽ പായുമ്പോൾ അപകടങ്ങൾ വർദ്ധിക്കാനിടയുണ്ടെന്ന് ചില ഗതാഗത വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട്ടിലും മറ്റും വീതിയേറിയ ആറുവരി, എട്ടുവരി പാതകളുണ്ടായിട്ടും അപകടങ്ങളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല എന്നതാണ് ഈ വാദത്തിന് അടിസ്ഥാനമായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കേരളത്തിൽ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നിരവധി ജീവനുകൾ നിരത്തിൽ ഹോമിക്കപ്പെട്ടു. അമിത വേഗത കാരണമല്ല അപകടങ്ങൾ ഉണ്ടായത്. മറിച്ച് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയുള്ള നിർമ്മാണവും അശ്രദ്ധയും അപായ സൂചികകളുടെ അഭാവവുമാണ് പലയിടത്തും അപകടങ്ങളുടെ വ്യത്യസ്ത കാരണങ്ങളായി മാറിയത്.
അരൂർ- തുറവൂർ പാതയിലെ നിർമ്മാണത്തിനിടെ കൂറ്റൻ ഗർഡർ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവറായ ആലപ്പുഴ സ്വദേശി രാജേഷ് മരണമടഞ്ഞ സംഭവം ദേശീയപാതയിലൂടെ കടന്നുപോകുന്നത് ഒരു പേടിസ്വപ്നമാക്കി മാറ്റാൻ പോന്നതാണ്. സുരക്ഷയൊരുക്കാതെയുള്ള നിർമ്മാണ പ്രവർത്തനമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഗർഡർ തൂണുകളിൽ സ്ഥാപിക്കുന്ന വേളയിൽ അതുവഴിയുള്ള ഗതാഗതം തടഞ്ഞിരുന്നെങ്കിൽ ഗർഡർ ഹൈഡ്രോളിക് ജാക്കിയുടെ തകരാർ കാരണം താഴെ പതിച്ചാലും ജീവൻ നഷ്ടപ്പെടുകയില്ലായിരുന്നു. ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 42 പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ പലയിടത്തും അപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ തന്നെ ഗർഡറുകൾ തകർന്നുവീണ സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. 4 ഗർഡറുകളാണ് തകർന്നുവീണത്. നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന താത്കാലിക ഷെഡ്ഡിന്റെ മുകളിലേക്കാണ് ഇവ പതിച്ചതെങ്കിലും ഭാഗ്യത്തിന് ഷെഡ്ഡിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ഗർഡറുകൾ ഉയർത്തുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് അന്ന് ഏറെ ചർച്ചകൾ നടന്നിട്ടുള്ളതാണ്. മുന്നറിയിപ്പുകൾ, ഒരു അപകടം നടന്ന് ഏതാനും ദിവസത്തിനകം ഉപേക്ഷിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് നിലവിലിരിക്കുന്നത്. ഇല്ലെങ്കിൽ ആലപ്പുഴ ജില്ലയിൽത്തന്നെ ഗർഡർ അപകടം ആവർത്തിക്കുകയും ഒരു കുടുംബത്തിന്റെ ഏക അത്താണി എൺപതു ടൺ ഭാരത്തിനടിയിൽ ചതഞ്ഞരഞ്ഞ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു. കൊല്ലം ബൈപ്പാസിൽ ടിപ്പർ ലോറിയിൽ നിന്നിറക്കിയ മണ്ണിനടിയിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്. നിർമ്മാണ സ്ഥലത്ത് ആവശ്യത്തിന് വെളിച്ചം വിതറുന്ന വിളക്കുകൾ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാൻ സുരക്ഷാസംവിധാനങ്ങളുടെ അഭാവം ഇടയാക്കും.
ദേശീയപാതയുടെ ചുമതല ഏറ്റെടുക്കുന്ന വമ്പൻ കമ്പനികൾ ഉപ കരാറുകൾ നൽകുന്നത് മതിയായ നിലവാരം പുലർത്താത്ത കമ്പനികൾക്കാണെന്ന് ആക്ഷേപമുണ്ട്. ഇവരുടെ നിർമ്മാണവും ശരിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഉപ കമ്പനികളുടെ തൊഴിലാളികളുടെ അശ്രദ്ധയുമാണ് പല അപകടങ്ങൾക്കും വഴിവയ്ക്കുന്നത്. ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അപാകതയുണ്ടെന്നതും അപകടങ്ങളുടെ വർദ്ധനവ് സൂചിപ്പിക്കുന്നു.
ദേശീയപാത നിർമ്മാണത്തിൽ തന്നെ പല പിഴവുകളും സംഭവിച്ചതിന്റെ ഫലമായി, വടക്കൻ കേരളത്തിൽ ഒന്നിലധികം സ്ഥലത്ത് റോഡ് ഇടിഞ്ഞുവീഴുകയുണ്ടായി. ദേശീയപാതാ നിർമ്മാണത്തിലെ തകർച്ചയുടെ ഉത്തരവാദി, കരാർ കമ്പനിയാണെന്ന് അന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു. ദേശീയപാതാ നിർമ്മാണത്തിനിടെ നടക്കുന്ന വാഹനാപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒളിച്ചോടാനാവില്ല. ഇരട്ടി വേഗത്തിൽ എത്രയും വേഗം ദേശീയപാതാ നിർമ്മാണം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് വേണ്ടത്.