പട്ടിണി ഒഴിയുന്നില്ല...
ലോകത്ത് പട്ടിണി മരണങ്ങളും ദാരിദ്ര്യവും ക്രമാതീതമായി വർദ്ധിക്കുകയാണ്. ലോകത്ത് നിലനിൽക്കുന്ന പ്രധാന വെല്ലുവിളിയായി പട്ടിണി മാറിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ലോക പട്ടിണി സൂചികയുടെ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) പുറത്ത് വരുന്ന കണക്കുകൾ. 36 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. പോഷകാഹാരക്കുറവ്, ശിശുക്കളുടെ വളർച്ചാ മുരടിപ്പ്, ശരീര ശോഷണം, ശിശുമരണ നിരക്ക് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കുറഞ്ഞ പട്ടിണി, മിതമായ പട്ടിണി, ഗുരുതരമായ പട്ടിണി, അപകടകരമായ പട്ടിണി എന്നീ ഇനങ്ങളിലായി നിശ്ചിത സ്‌കോർ നൽകി രാജ്യങ്ങളുടെ സ്ഥാനം നിർണയിച്ചപ്പോൾ 25.8 സ്‌കോറാണ് ഇന്ത്യയുടേത്. ലോകത്ത് 10 പേരിൽ ഒരാൾ ഭക്ഷണം കഴിക്കാൻ പര്യാപ്തമല്ല എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. 106-ാം സ്ഥാനത്തുള്ള പാകിസ്താനും 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള അയൽ രാജ്യങ്ങൾ. ചൈന- 6, ശ്രീലങ്ക- 61, നേപ്പാൾ- 72, ബംഗ്ലാദേശ്-85 എന്നിങ്ങനെ മറ്റു അയൽ രാജ്യങ്ങൾ ബഹുദൂരം മുന്നിലാണ്.
സ്ഥിതിഗുരുതരമാക്കി
പ്രകൃതി ദുരന്തങ്ങളും ആഫ്രിക്കയിലെയും ഏഷ്യയിലേയും പല ഭാഗങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പട്ടിണി ബാധിച്ചവരിൽ സൊമാലിയ, ദക്ഷിണ സുഡാൻ, മഡഗാസ്‌ക്കർ, ഡെമോക്രാറ്റിക് ഓഫ് കോംഗോ, ഹെയ്തി എന്നിവ ഉൾപ്പെടുന്നുണ്ട്. സംഘർഷം, വരൾച്ച, കൂട്ടപലായനം എന്നിവയെല്ലാമാണ് സൊമാലിയയിൽ നിരവധിപേരെ പട്ടിണിയിലേക്ക് തള്ളിവിട്ടത്. ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങളും കൃഷിയേയും ഭക്ഷ്യ വിതരണത്തേയും ദുഷ്ക്കരമാക്കി. സുഡാനിൽ വെള്ളപ്പൊക്കം, അക്രമം, ആഭ്യന്തര കലാപം മൂലമുണ്ടാകുന്ന വ്യാപക ഭക്ഷ്യ അരക്ഷിതാവസ്ഥയുമായി രാജ്യം പോരാടിക്കൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയും 37.5 എന്ന സ്‌കോർ സുഡാനുമായി പങ്കിടുന്നു. 35.7 സ്‌കോർ നേടിയ ഹെയ്തിയും കടുത്ത പട്ടിണിയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലേയും മിക്ക നഗരങ്ങളിലേയും പകുതിയിലധികം പേരും മികച്ച ഭക്ഷണം കിട്ടാത്തവരാണെന്ന് സൂചിക വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ ലോക രാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് നിരീക്ഷിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് പ്രധാനമാണ്. മൊസാംബിക്, റുവാണ്ട, നേപ്പാൾ തുടങ്ങിയ ഏതാനും രാജ്യങ്ങൾക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യ ഉൾപ്പെടെ 56 രാജ്യങ്ങളുടെ സ്ഥിതി ദയനീയമായി തുടരുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ എട്ട് രാജ്യങ്ങളും ആഫ്രിക്കയിൽ നിന്നാണ്.
തുടങ്ങേണ്ടത്
അടിത്തട്ടിൽ നിന്ന്
കഴിഞ്ഞ വർഷം 125 രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. 28.7 ആയിരുന്നു അന്ന് ഇന്ത്യയുടെ സ്‌കോർ. അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലായിരുന്നു. ഇവ യഥാക്രമം 102, 81, 69, 60 സ്ഥാനങ്ങളിലായിരുന്നു. അന്ന് ദക്ഷിണേന്ത്യയും സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയുമാണ് സൂചിക പ്രകാരം പട്ടിണി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ഏഴ് യൂറോപ്യൻ സർക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയൻസ് 2015’ ആണ് പട്ടിക പുറത്തിറക്കിയിരുന്നത്. 2011-ൽ 107-ാം സ്ഥാനത്തും 2020 ൽ 94-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. 2014ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ സ്ഥിരമായ വർദ്ധനവ് പ്രകടമായത്. പ്രതീക്ഷിച്ചതിനേക്കാൾ ഇന്ത്യയുടെ സ്ഥാനം താഴെയെത്തിയതിനാൽ കേന്ദ്ര സർക്കാരും ഞെട്ടലിലാണ്.
കഴിഞ്ഞ മൂന്നുവർഷങ്ങളിൽ മാത്രം ഏതാണ്ട് 12 കോടിയിലധികം ആളുകൾ കൂടി പട്ടിണിയുടെ പിടിയിലകപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യനിധി, ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന തുടങ്ങിയ വിവിധ സമിതികൾ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അടുത്തിടെ നടത്തിയ പഠനങ്ങൾ പ്രകാരം, ലോകത്ത് ഏതാണ്ട് എഴുപത്തി മൂന്നരക്കോടി ജനങ്ങളാണ് പട്ടിണി അനുഭവിക്കുന്നത്. 2019 ൽ ഇത് 61 കോടിയായിരുന്നു. ഭക്ഷ്യ പ്രതിസന്ധിയ്ക്കും പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും വിവിധ രാജ്യങ്ങളിൽ 2030തോടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും നിലവിലെ സംഘർഷങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കും എതിരെ പ്രതിരോധം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞത് കഴിഞ്ഞവർഷം ജൂലായിലാണ്.
ഇന്ത്യ മഹാരാജ്യമെന്ന് ഉദ്‌ഘോഷിക്കുമ്പോൾ അവിടെയുള്ള ജനങ്ങളുടെ അവസ്ഥയും ചുറ്റുപാടും സ്ഥിതി വിശേഷങ്ങളും മാറിമാറി വരുന്ന സർക്കാരുകൾ അറിയേണ്ടത് അനിവാര്യമാണ്. പുരോഗതിയുടെ പടവുകൾ ഒന്നൊന്നായി കുതിക്കുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് അറിയണം. വികസനം തുടങ്ങേണ്ടത് അടിത്തട്ടിൽ നിന്നാണെന്ന വസ്തുത മനസിലുണ്ടാവണം. ഇന്ത്യയിൽ പട്ടിണിക്കെതിരായ പോരാട്ടം നിശ്ചലാവസ്ഥയിലാണെന്ന സൂചന നൽകുന്ന സൂചിക അടുത്ത പട്ടിക പുറത്തിറങ്ങുമ്പോൾ മാറ്റിപ്പണിയണമെന്ന ഉത്തമ അവബോധം വേണം.