കുടുംബശ്രീ പത്തായം തിരികെയെത്തി
കോട്ടയം : കുടുംബശ്രീ യൂണിറ്റിലെ കർഷകരുടെയും സംഘകൃഷിക്കാരുടെയും ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനായുള്ള കുടുംബശ്രീ പത്തായം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജില്ലാ തലത്തിൽ കുടുംബശ്രീയുടെ കാർഷികസംരംഭക പ്രവർത്തനങ്ങൾക്ക് വൻപിന്തുണ നൽകുന്ന മാതൃകാ വിപണിയാണിത്. തദ്ദേശീയതയ്ക്കും ഗുണനിലവാരത്തിനും മുൻതൂക്കം നൽകുന്ന ഇവ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാകുമെന്നതാണ് പ്രത്യേകത.വിവിധ പഞ്ചായത്തുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, കായ്‌ക്കൾ, പയർവർഗങ്ങൾ എന്നിവയ്‌ക്കൊപ്പം കുടുംബശ്രീ ബ്രാൻഡിൽ തയ്യാറാക്കുന്ന ഭക്ഷ്യ , മൂല്യവർദ്ധിത വസ്തുക്കൾ, ഹോംമെയ്ഡ് ഉത്പന്നങ്ങൾ, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ലഭ്യമാകും. കുടുംബശ്രീയുടെ സാമ്പത്തിക ശക്തീകരണ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്ന സംരംഭമാണ് പത്തായം. കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ ജഡ്ജ് എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ജോബി ജോൺ, പി.ജി ജ്യോതിമോൾ എന്നിവർ പങ്കെടുത്തു.