മുന്നണികളിൽ സീറ്റ് ധാരണയായി, സ്ഥാനാർത്ഥി പ്രഖ്യാപനം കീറാമുട്ടി
കോട്ടയം : ഏറെ ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ മൂന്നു മുന്നണികളിലും ധാരണയായെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം കീറാമുട്ടിയായി തുടരുന്നു. തിങ്കളാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. വിമതഭീഷണിയാണ് മുന്നണികളെ അലട്ടുന്നത്. എൽ.ഡി.എഫ് ധാരണ അനുസരിച്ച് സി.പി.എമ്മും, കേരളാകോൺഗ്രസ് എമ്മും ഒമ്പതു സീറ്റുകളിൽ വീതവും സി.പി.ഐ നാലു സീറ്റിലും മത്സരിക്കും. മാണി വിഭാഗത്തിന് പത്തുസീറ്റാണ് നൽകിയതെങ്കിലും മുന്നണിയിൽ മേധാവിത്വം വരാതിരിക്കാൻ ഒരു സീറ്റിൽ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന സി.പി.എം നിർദ്ദേശം മാണി ഗ്രൂപ്പ് അംഗീകരിച്ചു. വനിതാ സംവരണമായ അയർക്കുന്നത്താകും സ്വതന്ത്ര. തർക്കത്തിനൊടുവിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ജോളി മടുക്കക്കുഴി എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.
യു.ഡി.എഫിൽ കോൺഗ്രസ് 14 സീറ്റിലും, കേരള കോൺഗ്രസ് ജോസഫ് എട്ടു സീറ്റിലും, മുസ്ലിംലീഗ് ഒരു സീറ്റിലും മത്സരിക്കും. ജില്ലാപഞ്ചായത്തിലേക്ക് ആദ്യമായാണ് ലീഗിന് സീറ്റ് ലഭിക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പി 20 സീറ്റിലും, ബി.ഡി.ജെ.എസ് 3 സീറ്റിലും മത്സരിക്കും. വൈക്കം, കുമരകം, എരുമേലി സീറ്റുകളാണ് ബി.ഡി.ജെ.എസിന്. കുമരകത്ത് പി.വി സാന്റപ്പൻ സ്ഥാനാർത്ഥിയാകും. വൈക്കത്ത് എസ്.സി വനിതാ സംവരണ സീറ്റാണ്. കോട്ടയം നഗരസഭയിൽ നാല് സീറ്റാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടത്. മൂന്നിൽ ധാരണയായി. 33 -ാം വാർഡിൽ മുൻ ബി.ഡി.ജെ.എസ് കൗൺസിലർ റിജേഷ് ബ്രീസ് വില്ലയെയാണ് പരിഗണിക്കുന്നത്.
നഗരസഭകളിൽ പൊട്ടിത്തെറി
മൂന്നു മുന്നണികളിലും ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് സീറ്റുകളിൽ ധാരണയായിട്ടില്ല. എൽ.ഡി.എഫിൽ ഘടകകക്ഷികൾ തമ്മിൽ സീറ്റുധാരണയായി. യു.ഡിഎഫിലാകട്ടെ സീറ്റ് ധാരണയാകാതെ ചർച്ച തുടരുകയാണ്. നഗരസഭകളിലാണ് ഏറെ പ്രശ്നം. കോട്ടയം നഗരസഭയിൽ 47 സീറ്റിൽ കോൺഗ്രസ് മത്സസരിക്കുമെങ്കിലും സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയുടെ വക്കിലാണ്. സീറ്റില്ലെങ്കിൽ റിബലായി മത്സരിക്കുമെന്ന് സിറ്റിംഗ് കൗൺസിലർമാർ വരെ മുന്നറിയിപ്പ് നൽകി. 47 സീറ്റിലാണ് കോട്ടയം നഗരസഭയിൽ സി.പി.എം മത്സരിക്കുക, എട്ടു സീറ്റിൽ സി.പി.ഐയും അഞ്ചു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും.