ചെറുകിടക്കാരുടെ 3.5 കോടി തട്ടി പെയിന്റ് ഡീലർ മുങ്ങി
ആലുവ: ചെറുകിട പെയിന്റ് കച്ചവടക്കാരെ കബളിപ്പിച്ച് 3.5 കോടിയോളം രൂപ തട്ടിയെന്നാരോപിച്ച് പെയിന്റ് ഡീലർക്കെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി. പാർട്ട്ണർമാരെ പോലും അറിയിക്കാതെ കടയിലുണ്ടായിരുന്ന പെയിന്റ് ഉൾപ്പെടെ മറ്റൊരാൾക്ക് കൈമാറിയ ശേഷമാണ് ഇയാൾ മുങ്ങിയതെന്നും പറയുന്നു.
ആലുവ കാരോത്തുകുഴി കവലയിൽ പ്രവർത്തിച്ചിരുന്ന റെയിൻബോ കളേഴ്സ് എന്ന സ്ഥാപനത്തിന്റെ മുഖ്യപാർട്ട്ണർ എടത്തല എട്ടുകാട്ടിൽ വീട്ടിൽ സിയാദ് ജമാൽ (42)ആണ് ചെറുകിട കച്ചവടക്കാരെയും പെയിന്റ് കമ്പനിയെയും കബളിപ്പിച്ചത്.
പരാതി നൽകിയ 13 ചെറുകിട ഡീലർമാർക്ക് മാത്രം മൂന്ന് കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ഇടുക്കി ജില്ലയിലെ ഒരു വ്യാപാരിക്ക് 76 ലക്ഷവും ആലുവ പരിസരത്തെ ഒരു സ്ഥാപനത്തിന് 40 ലക്ഷവും നൽകാനുണ്ട്.
ഇതിന് പുറമെ പ്രമുഖ പെയിന്റ് കമ്പനിക്ക് 2.40 കോടി രൂപയും നൽകാനുണ്ട്. ഇതേകമ്പനിയുടെ ജില്ലയിലെ പ്രധാന ഡീലറായിരുന്ന സിയാദ്, കമ്പനി നിശ്ചയിക്കുന്ന തുകയിലും കുറച്ച് വില്പന നടത്തുന്നതായി പരാതിയുണ്ടായിരുന്നു. തുടർന്ന് സിയാദിന്റെ സ്ഥാപനത്തിന് പെയിന്റ് നൽകുന്നത് കമ്പനി കുറച്ചപ്പോൾ മറ്റ് ഡീലർമാരുടെ കോഡിൽ പെയിന്റ് വാങ്ങി. ഇതിന് പെയിന്റ് കമ്പനി ജീവനക്കാരുടെ സഹായവും ലഭിച്ചു. ചെറുകിട ഡീലർമാരുടെ പേരിൽ പെയിന്റ് ബുക്ക് ചെയ്ത് സിയാദിന്റെ ഗോഡൗണിൽ ഡെലിവറി ചെയ്യും. പെയിന്റിന്റെ പണം സിയാദിൽ നിന്നുവാങ്ങി ഡീലർമാർ കമ്പനിയിൽ അടയ്ക്കും. ഈ ഇടപാടിൽ ചെറുകിട ഡീലർമാർക്ക് ലാഭമില്ലെങ്കിലും ഗ്രേഡിംഗിൽ മുന്നിലെത്താം. ഇതിലൂടെ വിദേശ യാത്ര ലഭിക്കുമെന്ന മോഹമാണ് ചെറുകിട കച്ചവടക്കാർക്ക് വിനയായത്.
ഒക്ടോബർ ഒന്ന് മുതലാണ് റെയിൻബോ തുറക്കാതെയായത്. ജീവനക്കാരും പാർട്ട്ണർമാരും അറിയാതെ തലേന്നു രാത്രി ഗോഡൗണിൽ നിന്ന് 1.25 കോടിയുടെ പെയിന്റ് വരാപ്പുഴ ഭാഗത്തെ ഒരു സ്ഥാപനത്തിലേക്ക് മറിച്ച് നൽകിയതായും പറയുന്നു.