ഓഫീസറുടെ വിരമിക്കൽ സമ്മാനം ഓഫീസ് വളപ്പിലെ പുഷ്പവാടി
തൃശൂർ: വിരമിക്കുംമുമ്പ് എംപ്ലോയ്‌മെന്റ് ഓഫീസിനെ ഹരിതാഭമാക്കാനുള്ള പ്രയത്നത്തിലാണ് എംപ്ലോയ്‌മെന്റ് ഓഫീസർ കാടുകുറ്റി വൈന്തല മുഞ്ഞേലി വീട്ടിൽ ഷാജു ലോനപ്പൻ. പതിനായിരം രൂപ മുടക്കി 13 വ്യത്യസ്ത നിറമുള്ള ബൊഗെയ്ൻ വില്ല ചെടികൾ മുൻവശത്ത് സജ്ജമാക്കി. ഓഫീസ് അങ്കണത്തിൽ ഫലവൃക്ഷങ്ങളായ റംബൂട്ടാൻ, സപ്പോട്ട, പേരയ്ക്ക, അബിയു, ബെയർ ആപ്പിൾ, മുസാംബി, ചാമ്പ, മാവ്, വിയറ്റ്‌നാം ഏർളി പ്ലാവ്, പാഷൻ ഫ്രൂട്ട്, പപ്പായ, എളന്തപ്പഴം, കുരുമുളക് തുടങ്ങിയവയും ഇടംപിടിച്ചു. പടിയിറങ്ങും മുൻപ് സഹപ്രവർത്തകർക്കും അന്നമൂട്ടിയ വകുപ്പിനും വേറിട്ട രീതിയിൽ സ്‌നേഹ സമർപ്പണം നടത്തമെന്ന ചിന്തയാണ് ഇതിനു പിന്നിൽ. ഡിസംബർ 31ന് 27 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. ഓഫീസ് പരിസരം സ്വന്തം ചെലവിൽ 160 സ്‌ക്വയർ ഫീറ്റിലധികം ഭാഗം ടൈൽ വിരിച്ചും കഴിഞ്ഞു. ജീവനക്കാർക്കായി വൃത്തിയുള്ള രണ്ട് സിങ്ക് വാഷ് ബെയ്‌സനും സമർപ്പിച്ചു. 25ഓളം ജീവനക്കാർക്കും അത്രതന്നെ മുഴുവൻ സമയ പരിശീലനാർത്ഥികൾക്കും ഉപകാരപ്പെടും വിധമാണ് ഈ സ്‌നേഹ സമർപ്പണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ചുമതലയുള്ളയാളാണ് ഷാജു. വർഷങ്ങളായി ചിയ്യാരത്താണ് താമസം.
തുടക്കം മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ
സാഹിത്യ അക്കാഡമിയുടെ മുന്നിലുള്ള എംപ്ലോയ്‌മെന്റ് ഓഫീസ് പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോൾ മതിൽകെട്ടിയ ഭാഗത്ത് കുറച്ച് സ്ഥലം വിട്ടു. ഇവിടെ വഴിയിലൂടെ പോകുന്നവർ വേസ്റ്റിട്ടു തുടങ്ങി. ഇതൊഴിവാക്കാനായാണ് മാവും പ്ലാവും പേരയും സപ്പോട്ടയുമൊക്കെ വച്ച് പിടിപ്പിക്കാൻ തീരുമാനിച്ചത്. ഇത് ഫലം കണ്ടു. ഫലവൃക്ഷങ്ങൾ വളർന്നതോടെ മാലിന്യമിടാതെയായി. പഴങ്ങൾ ആളുകൾ പറിച്ചുകൊണ്ടു പോകുന്നുണ്ടെങ്കിലും വിഷമമില്ല. കുറച്ചുകാലം കൊയിലാണ്ടിയിലേക്ക് സ്ഥലം മാറി പോയപ്പോൾ വാച്ച്മാൻ സുനിലിനെ ഏൽപ്പിച്ചു. പിന്നീട് തിരിച്ചെത്തി, ഇപ്പോൾ ഇവിടെ നിന്ന് വിരമിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ചിയ്യാരം സെന്റ് മേരീസ് കോൺവെന്റ് സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ മിനിയുടെ പിന്തുണയുണ്ട്. മൂത്തമകൾ ഷാൻ മരിയ അമേരിക്കയിലെ ഫ്‌ളോറിഡയിൽ പി.എച്ച്.ഡിക്ക് സ്‌കോളർഷിപ്പോടെ പഠിക്കുന്നു. മറ്റ് രണ്ട് മക്കളായ ടീന മാരിസും ക്രിസ് സുസൈനും വിദ്യാർത്ഥികളാണ്.
ദിവസവും രാവിലെ നേരത്തെ ഓഫീസിലെത്തി കള പറിച്ചും നനച്ചും മക്കളെ പോലെയാണ് പരിപാലിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ചെടികളെയെല്ലാം നനച്ചേ തിരിച്ചു പോകാറുള്ളൂ.
ഷാജു.