സി.പി.എമ്മിലും പ്രതിഷേധം
Sunday 16 November 2025 12:00 AM IST
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സി.പി.എമ്മിലും പ്രതിഷേധം. തൃശൂർ കോർപറേഷൻ കോട്ടപ്പുറം ഡിവിഷനിലെ സി.പി.എം സ്ഥാനാർത്ഥി പി. ഹരിക്കെതിരെ വിമതനായി മത്സരിക്കുമെന്ന് അറിയിച്ച് ചക്കാമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിൻ രംഗത്ത് വന്നു. പ്രാദേശിക പിന്തുണയില്ലാത്തയാളെ മേൽഘടകം കെട്ടിയിറക്കുകയാണെന്നാണ് ജിതിന്റെ വിമർശനം. ഇക്കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. പാർട്ടി പ്രഖ്യാപിക്കുന്നതിനു മുൻപേ സ്വയം സ്ഥാനാർത്ഥിയായ വ്യക്തിയാണ് ഹരിയെന്നും പരസ്യമായി ജിതിൻ വിമർശിച്ചു. സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പറഞ്ഞു. പാട്ടുരായ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം ബിജുവും പിന്തുണയ്ക്കുന്നതായി അറിയിച്ചു. അതേസമയം ജിതിനെ പുറത്താക്കാൻ സി.പി.എം തീരുമാനിച്ചു.