ആ മൂന്നു ലക്ഷം വോട്ടർമാർ എങ്ങനെ വന്നു, ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ, മൂന്നു ലക്ഷത്തിലധികം വോട്ടർമാരുടെ വർദ്ധന എങ്ങനെയുണ്ടായെന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
എസ്.ഐ.ആറിന് ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു, അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.
അന്തിമവോട്ടർ പട്ടിക പുറത്തിറക്കിയതിന് ഷേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 745 കോടി വോട്ടർമാരായതെന്നും ഇവർ വോട്ടു ചെയ്തു എന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടില്ല എന്നും കമ്മിഷൻ വ്യക്തമാക്കി. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവർ എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മിഷൻ അറിയിച്ചു. .യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മിഷൻ വ്യക്തമാക്കി.
വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത് 7,45,26,858 പേർ വോട്ടു രേഖപ്പെടുത്തിയെന്നാണ്. മൂന്നു ലക്ഷത്തിലധികം വോട്ടർമാരുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകണമെന്നുമാണ് സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.