'രുചിസംഗമം - 2025'

Sunday 16 November 2025 1:13 AM IST
ശിശുദിനത്തോടനുബന്ധിച്ച് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫുഡ് ഫെസ്റ്റ് സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കരിമണ്ണൂർ: ശിശുദിനത്തോടനുബന്ധിച്ച് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'രുചി സംഗമം - 2025' നടന്നു. കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് നടന്ന സെമിനാറിൽ സി.ഡബ്ല്യു.സി ജില്ലാ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു 'ജീവിതശൈലീ രോഗ നിയന്ത്രണം നല്ല ഭക്ഷണത്തിലൂടെ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിസോയി ജോർജ്ജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ. മനോജ്, വിദ്യാർത്ഥികളായ റോസ്മി ബെന്നി, ബി. ശിവാനന്ദ്, വി.എസ്. ശ്രുതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക പ്രതിനിധി ജോബിന തോമസ് നന്ദി പറഞ്ഞു. 26 തരം ഇലക്കറികൾ, നാടൻ വിഭവങ്ങളായ ചക്ക, ചേന, കപ്പ, കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ് ഉപയോഗിച്ചുള്ള വിവിധ തരം പുഴുക്കുകൾ, മത്തങ്ങ, ചെറുപയർ, മുളയരി, ഉണക്കലരി, ഗോതമ്പ് പായസങ്ങൾ,ചക്കപ്പഴം പ്രഥമൻ, 17 തരം ദോശകൾ, 25 തരം പുട്ടുകൾ, പലതരം അപ്പങ്ങൾ, 24 തരം ജ്യുസുകൾ, സ്‌ക്വാഷുകൾ, വൈനുകൾ , പലതരം കേക്കുകൾ, 30 തരം തോരൻ, 23 തരം ചമ്മന്തികൾ, അച്ചാറുകൾ, 20 തരം ബജ്ജികൾ, വിവിധ തരം മധുര പലഹാരങ്ങൾ, കേസരി, കബാബ്, വിവിധ തരം കട്ലറ്റുകൾ, ഫ്രൂട്ട് സാലഡ്, അടകൾ ചട്ടിച്ചോറ്, തരിക്കണ്ണി, ഉച്ചയൂണ്, എന്നിവ കൊണ്ട് കുട്ടികൾ സ്റ്റാളുകൾ സമ്പന്നമാക്കി. പ്രഭാതഭക്ഷണം മുതൽ അത്താഴംവരെ വിഭവ സമൃദ്ധമായ വിവിധ രുചിക്കൂട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. പാക്കേജ്ഡ് ഫുഡ് വിപണനവും മേളയോടനുബന്ധിച്ച് നടന്നു. മികച്ച സ്റ്റാളുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.