കാലംമാറി;തിരഞ്ഞെടുപ്പ് തന്ത്രങ്ങളും: തുടക്കത്തിലെ കളം പിടിച്ച് ഓൺലൈൻ പ്രചാരണം

Saturday 15 November 2025 10:19 PM IST

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും നടന്നുകൊണ്ടിരിക്കുമ്പോഴെ പ്രചാരണം ടോപ്പ് ഗിയറിൽ. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി സാമൂഹ്യമാദ്ധ്യമങ്ങളും ആധുനികസാങ്കേതിക വിദ്യകളുമാണ് മുന്നണിഭേദമെന്യേ പ്രചാരണത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചാണ് മുന്നണികളും പാർട്ടികളും കളം പിടിക്കുന്നത്.

പരമ്പരാഗതമായ ചുവരെഴുത്തുകളും വീട് കയറിയുള്ള പ്രചരണ പരിപാടികളുമൊക്കെയുണ്ടെങ്കിലും ഓൺലൈനിൽ തന്നെയാണ് കൂടുതലും പ്രചാരണം. ഓൺലൈൻ പ്രചരണം പൂർണമായി ഏറ്റെടുത്ത നിരവധി സംഘങ്ങളും സ്ഥാപനങ്ങളും ജില്ലയിലും സജീവാണ്. പാർട്ടികൾക്ക് പുറത്തുള്ളവർ പല നിരക്കാണ് ഇത്തരം പ്രചാരണങ്ങൾക്ക് ഈടാക്കുന്നത്.സാമൂഹ്യ മാദ്ധ്യമത്തിലേക്കുള്ള ഒരു ചെറിയ പോസ്റ്ററിന് 250 രൂപ മുതലാണ് വാങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ അവസാനിക്കുന്ന വരെ മുഴുവൻ പോസ്റ്ററുകളും വീഡിയോകളും മോഷൻ പോസ്റ്ററുകളുമെല്ലാം ഉൾപ്പെടെ വലിയ തുകയ്ക്കാണ് ഇത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കരാർ നൽകിയിരിക്കുന്നത്. പതിനായിരം രൂപ മുതലാണ് കരാർ തുക തുടങ്ങുന്നത്.

യുവത്വത്തിലേക്ക് ഇടിച്ചുകയറാം

പുതിയ തലമുറയ്ക്കനുസൃതമായ തരത്തിലാണ് പ്രചരണം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഭംഗിയുള്ള പോസ്റ്ററുകളും ആകർഷണീയമായ സ്ഥാനാർത്ഥി പ്രചരണ വീഡിയോകളും പ്രചരിപ്പിക്കുന്നതിന് കാരണമിതാണ്. പരമ്പരാഗത പ്രചരണ രീതികൾ കൊണ്ടുമാത്രം യുവാക്കളിലേക്കെത്തില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും യുവാക്കളുടെ പങ്കാളിത്തം കുറവാണുതാനും.

ഫ്ളക്സ് ഔട്ട്,​ ചുവരുകൾക്ക് ഡിമാൻഡ്

പരമ്പരാഗത തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ഇതോടൊപ്പം ഇടംപിടിച്ചിട്ടുണ്ട്. ചുവരെഴുത്തും പോസ്റ്ററുകളും ബാനറുകളും അങ്ങനെ. ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കിയതിനാൽ സാധാരണ ഫ്ളക്സുകൾക്ക് വിലക്കുണ്ട്. ബാനറുകൾക്ക് വലിയ വിലയും കൊടുക്കേണ്ടതുണ്ട്. പ്രൈമറുകൾ ഉപയോഗിച്ചാണ് പലയിടത്തും വെള്ള പൂശുന്നത്. സെമ്മുകൾക്ക് ഡിമാൻഡ് കൂടിയതാണ് ഇതിന് കാരണം. പ്രൈമറുകൾക്ക് ആയിരം രൂപ മുതലാണ് വില. പെയിന്റടിച്ച് ചുവരെഴുതി സ്ഥാനാർത്ഥിയുടെ ചിത്രവും വരയ്ക്കാൻ 3000 രൂപയോളം നൽകണം. മതിലിന്റെ വലിപ്പം കൂടുമ്പോൾ ഇത് വർദ്ധിക്കും.