സീബ്രാവരകൾ മാഞ്ഞു തുടങ്ങി; റോഡ് കടന്നാൽ മഹാഭാഗ്യം

Sunday 16 November 2025 12:23 AM IST

തൊടുപുഴ: നഗരത്തിൽ സീബ്രാവരകൾ മാഞ്ഞതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ. തിരക്കേറിയ നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം സീബ്രാവരകൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതോടെ ചിലയിടങ്ങളിൽ റോഡ് മുറിച്ചുകടക്കുകയെന്നത് വെല്ലുവിളിയാണ്. ഗാന്ധി സ്‌ക്വയറിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ റോഡിന്റെ പകുതിയോളം ഭാഗത്ത് പൂർണമായും വരയില്ല. മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന ഇവിടം, തിരക്കേറിയ പാതകളിലൊന്നാണ്. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരടക്കം റോഡ് മുറിച്ചുകടക്കുന്നയിടത്താണ് ഈ ദുരവസ്ഥ. തിരക്കിനിടയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾക്ക് മുന്നിൽപ്പെടാതെ പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളും നിരവധിയാണ്. പലയിടത്തും സമാന അവസ്ഥയാണ്. സീബ്ര ലൈനുകൾ പൂർണമായും മാഞ്ഞിട്ടില്ലെങ്കിലും നിരനിരയായി റോഡിൽ വരച്ചിട്ടുള്ള ലൈനുകളിൽ പലതും അപ്രത്യക്ഷമായി തുടങ്ങി. മുനിസിപ്പൽ പാർക്കിന് മുന്നിലും പുഴയോരം ബൈപ്പാസിലും മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന് മുന്നിലുമടക്കം പ്രധാനയിടങ്ങളിലെല്ലാം വരകൾ മാഞ്ഞിട്ടുണ്ട്. എന്നാൽ മാസങ്ങളായിട്ടും വീണ്ടും ഇവ തെളിച്ച് വരയ്ക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

പ്രധാന ജംഗ്ഷനുകളിൽ റോഡ് മുറിച്ചുകടക്കൽ ദുരിതം

നഗരത്തിലെ പ്രധാന നിരത്തുകളിൽ റോഡ് മുറിച്ചുകടക്കുകയെന്നത് ഏറെ ശ്രമകരമാണ്. സീബ്രാലൈൻ വഴി കടക്കുന്നവരെ പരിഗണിക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നതാണ് കാരണം. ഇതിനാൽ തന്നെ പലപ്പോഴും കാൽനട യാത്രക്കാർ കൂട്ടത്തോടെ സീബ്രാ ലൈനിലിറങ്ങിയാണ് മറുകരയെത്തുക. ട്രാഫിക് പൊലീസ് ഉള്ളയിടങ്ങളിൽ സഹായത്തിന് അവരുണ്ടാകും. ഇല്ലെങ്കിൽ ഒന്നിലധികം പേർ വരാൻ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നിരത്ത് നിയമങ്ങൾ പാലിക്കാതെ ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കമുള്ള വാഹനങ്ങൾ പരക്കം പായുന്നത് കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്നു. ഇതിനിടയിൽ വരകൾകൂടി മാഞ്ഞു തുടങ്ങിയതോടെ നിരത്തിലോടുന്ന പല വാഹനങ്ങളും ഞങ്ങൾ പോയിട്ട് മതി റോഡ് കടക്കൽ എന്ന മനോഭാവത്തിലാണ്,

''സീബ്ര ലൈനുകൾ വരയ്ക്കുന്നതിനായി ടെൻഡർ നടപടികൾ ആയിട്ടുണ്ട്. ഡിസംബറിൽ മാഞ്ഞു തുടങ്ങിയവ വീണ്ടും തെളിച്ച് വരയ്ക്കും""

-പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ, തൊടുപുഴ