പോരാട്ടം ഇവർക്ക് കുടുംബകാര്യം
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരം വീട്ടുകാര്യമാക്കിയ ചില സ്ഥാനാർത്ഥികളുണ്ട്. ഇതുവരെ പ്രഖ്യാപിച്ച പട്ടികയിൽ തന്നെ അമ്മയും മകളും ദമ്പതിമാരും ഇടംപിടിച്ച് തിരഞ്ഞെടുപ്പിനെ കൗതുകമാക്കിയിട്ടുണ്ട്.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തുളിച്ചേരി വാർഡിൽ മത്സരിക്കുന്ന കെ.സുനിലും ടെമ്പിൾ ഡിവിഷനിൽ മത്സരിക്കുന്ന ടി.സുഷമയും ദമ്പതിമാരാണ്. ദേശീയ പാതയിൽ തളാപ്പിന് റോഡിനിരുവശമായുള്ള ഡിവിഷനുകളിലാണ് ഇരുവരും പോരാട്ടത്തിനിറങ്ങിയത്. സുനിലിന് ഇത് കന്നിമത്സരം. സുഷമയാകട്ടെ നേരത്തെ കണ്ണൂർ നഗരസഭ കൗൺസിലറായിരുന്നു. കോർപറേഷനിലെ അഴിമതി ഭരണത്തെ തുടച്ചുനീക്കാൻ ജീവിതത്തിലെന്ന പോലെ ഒറ്റക്കെട്ടായി എൽ.ഡി.എഫിനായി മത്സരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. പി.കെ.എസ് ടൗൺ ഈസ്റ്റ് വില്ലേജ് സെക്രട്ടറിയാണ് സുനിൽ. സുഷമ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ടൗൺ ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമാണ്.
കോർപറേഷനിലെ സി.പി.ഐ സ്ഥാനാത്ഥിയായി എൻ.ഇ.പ്രിയവദ പള്ളിക്കുന്നിലും ആർ.ജെ.ഡി സ്വതന്ത്രയായി മകൾ എൻ.ഇ.ആര്യാദേവി കാനത്തൂർ ഡിവിഷനിലും മത്സരിക്കുന്നു. ലഹരിക്കെതിരെ രംഗത്തു വന്ന മദേർസ് ആർമി പ്രസിഡന്റ് , കലാരംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ വേവ്സ് ബോർഡ് അംഗം, സാന്ത്വനരംഗത്തെ ഡിമൻഷ്യ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി എന്നി നിലകളിൽ പൊതുരംഗത്ത് സജീവമായ പ്രിയംവദ പത്രസ്ഥാപനത്തിൽ പരസ്യ വിഭാഗം ജീവനക്കാരിയാണ്.സി.പി.ഐ നേതാവ് എൻ.ഇ. ബൽറാമിന്റെ സഹോദരി എൻ.ഇ യശോദയുടെ മകളാണ് എൻ.ഇ പ്രിയംവദ.
മകൾ എൻ.ഇ.ആര്യാദേവിയും ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയിൽ എത്തുന്നത്.വീട്ടിൽ നിരന്തരം രാഷ്ട്രീയ ചർച്ചകൾ നടക്കാറുണ്ടെന്നും അതിന്റെ ഭാഗമായി ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും ഇരു സ്ഥാനാർഥികളും പറഞ്ഞു.