ശ്രീനഗറിൽ 9 ജീവനെടുത്തത് ഫരീദാബാദ് സ്ഫോടകവസ്തു

Sunday 16 November 2025 12:45 AM IST

ന്യൂഡൽഹി: അയോദ്ധ്യയിലടക്കം സ്ഫോടനം നടത്താൻ കൊണ്ടുവരികയും ഹരിയാനയിലെ ഫരീദാബാദിൽവച്ച് കഴിഞ്ഞയാഴ്ച പിടിച്ചെടുക്കുകയും ചെയ്ത ഉഗ്രസ്‌ഫോടക വസ്‌തുവാണ് ശ്രീനഗറിലെ പൊലീസ് സ്റ്റേഷനിലും 9 പേരുടെ ജീവനെടുത്തത്. ഇരയായത് പൊലീസുകാരും ഫോറൻസിക് വിദഗ്‌ദ്ധരും ഉൾപ്പെടെയുള്ളവർ.

ശ്രീനഗർ നൗഗാം സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഫോറൻസിക് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. രാജ്യത്തെ നാലു പ്രമുഖ കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ശേഖരിച്ച അമോണിയം നൈട്രേറ്റടക്കം 2,900 കിലോയാണ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് എത്തിച്ചിരുന്നത്.

പരിക്കേറ്റ 30 പേരെ സേനയുടെ ബേസ് ആശുപത്രിയിലും ഷേർ- ഇ- കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.

സ്‌റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ, മൂന്ന് ഫോറൻസിക് ലാബ് ഉദ്യോഗസ്ഥർ, രണ്ടു ക്രൈംവിംഗ് ഫോട്ടോഗ്രാഫർമാർ, മജിസ്ട്രേട്ടിന്റെ സംഘത്തിലെ രണ്ടു റവന്യു ഉദ്യോഗസ്ഥർ, അന്വേഷണവുമായി സഹകരിക്കുന്ന ഒരു തയ്യൽക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്റ്റേഷൻ പൂർണമായി തകർന്നു. തൊട്ടടുത്ത കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. പ്രദേശത്തു നിന്ന് നാട്ടുകാരെ ഒഴിപ്പിച്ചു. സുരക്ഷാ സേനയുടെ കാവലേർപ്പെടുത്തി. ഭീകര സംഘത്തിൽപ്പെട്ട പുൽവാമ സ്വദേശി ഡോ. ഉമർ നബി സ്ഫോടകവസ്തുവുമായി എത്തിയ കാറാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേർ കൊല്ലപ്പെട്ടത്.

അട്ടിമറിയല്ലെന്ന് കേന്ദ്രം

അട്ടിമറിയുണ്ടായിട്ടില്ലെന്നും പരിശോധനയ‌്‌ക്കിടെ അബദ്ധത്തിൽ സംഭവിച്ചെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. രണ്ടു ദിവസമായി ഫോറൻസിക് പരിശോധന നടന്നു വരികയായിരുന്നു.

സ്ഫോടകവസ്തുക്കളിലെ ചില വസ്തുക്കളുടെ 'അസ്ഥിര സ്വഭാവം" പൊട്ടിത്തെറിക്ക് കാരണമായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജമ്മു കാശ്മീർ ഡിവിഷനിലെ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ പറയുന്നത്.

 സ്ഫോടകവസ്തു സ്റ്റേഷൻ വളപ്പിൽ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്‌ഫോടനം ആകസ്‌മികം. മറ്റ് ഊഹാപോഹങ്ങൾ വേണ്ട.

- നളിൻ പ്രഭാത്,

ജമ്മു കശ്മീർ ഡി.ജി.പി

 സ്ഫോടനപരമ്പര സൂചന

ലഭിച്ചത് നൗഗാമിൽ

1. ജെയ്‌ഷെ ഭീകരർ സ്ഫോടനപരമ്പര നടത്തുമെന്ന് സൂചന നൽകുന്ന പോസ്റ്റർ കണ്ടെത്തിയത് നൗഗാം സ്റ്റേഷൻ പരിധിയിൽ. ഇതുകൊണ്ടാണ് തൊണ്ടി ഇവിടെയെത്തിച്ചത്

2. ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം ജമ്മുകാശ്‌മീരാണ്. അറസ്റ്റിലായ രണ്ടു ഡോക്ടർമാരും ഡൽഹിയിൽ പൊട്ടിച്ചിതറിയ ഡോ. നബിയും കാശ്മീർ സ്വദേശികൾ

3. ഈ മാസം 9, 10 തീയതികളിലാണ് ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളും റൈഫിളുകളും പിടിച്ചെടുത്തത്. പിടിയിലായ വനിതാ ഡോക്ടർ ലക്നൗ സ്വദേശി

4. എൻ.ഐ.എ അന്വേഷണത്തിൽ, പ്രൊഫഷണലുകളും വിദ്യാർത്ഥികളും വിദേശികളും അടങ്ങിയ വൈറ്റ് കോളർ ഭീകരവാദത്തിന്റെ ചുരുളഴിഞ്ഞു. പാകിസ്ഥാനൊപ്പം തുർക്കിയുടെ പങ്കും സംശയിക്കുന്നു