കൂത്തുപറമ്പിൽ സ്ഥാനാർത്ഥികളായി ദമ്പതികൾ: രാജീവനും ഷൈജയ്കും തിരഞ്ഞെടുപ്പ് വീട്ടുകാര്യം

Saturday 15 November 2025 10:46 PM IST

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ കൗൺസിലിലേക്ക് ഇരു വാർഡുകളിലായി സി.പി.എം സ്ഥാനാർത്ഥികളാക്കിയത് ദമ്പതിമാരെ. വി.രാജീവൻ ഇരുപത്തിയെട്ടാം വാർഡായ പന്നിയോറയിൽ മത്സരിക്കുമ്പോൾ നാലാംവാർഡായ പാലാപ്പറമ്പിൽ ഭാര്യ പി.ഷൈജയാണ് സ്ഥാനാർത്ഥി.

ചെറിയ ദൗത്യമല്ല ഈ ദമ്പതിമാരെ പാർട്ടി ഏൽപ്പിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് വാർഡായ പന്നിയോറ തിരിച്ചുപിടിക്കുകയും ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള പാലാപറമ്പ് നിലനിർത്തുകയും വേണം.

നഗരസഭയിൽ രണ്ടുതവണ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു ഷൈജ. നിലവിൽ കൂത്തുപറമ്പ് നഗരസഭ കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്സനുമാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമെന്ന പാർട്ടി ചുമതല വേറെ. ഭർത്താവ് രാജീവനാകട്ടെ കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ലോക്കൽ സെക്രട്ടറിയും. സമന്വയ പീപ്പിൾസ് കൾച്ചറൽ സൊസെറ്റി ചെയർമാൻ കൂടിയാണ് ഇദ്ദേഹം.