എ സി കോച്ചിലായിരുന്നാലും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇവരെ സൂക്ഷിക്കണം

Saturday 15 November 2025 10:51 PM IST

കോഴിക്കോട് : എ.സി കോച്ചുകളിൽ യാത്ര ചെയ്ത് ട്രെയിനുകളിൽ കവ‌ർച്ച നടത്തുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ. ഹരിയാന സ്വദേശികളായ രാജേഷ്,​ ദിൽബാദ്. മനോജ്,​ ജിതേന്ദ്രൻ എന്നിവരെയാണ് കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ഹോട്ടൽ ബിസിനസുകാരനായ കൊയിലാണ്ടി സ്വദേശി അബ്‌ദുൾ നാസറിന്റെ പക്കൽ നിന്ന് 50 ലക്ഷത്തിന്റെ സ്വർണം,​ ഡയമണ്ട് ആഭരണങ്ങൾ കവർന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ട്രെയിനുകളിൽ മോഷണം നടത്തുന്ന ഷാസി ഗ്യാംഗ് എന്നറിയപ്പെടുന്ന സംഘമാണ് ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു,​ എ.സി കോച്ചുകളിൽ സീറ്റ് റിസർവ് ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നത്.

കൊയിലാണ്ടി പന്തലായനി റോഡ് സെയ്ത് ഹൗസിൽ അബ്ദുൾ നാസർ, ഭാര്യ ഷെഹർബാനു എന്നിവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചത്. ഷൊർണൂരിൽ നിന്ന് കയറിയ നാലംഘസംഘത്തെ അബ്ദുൾ നാസർ ശ്രദ്ധിച്ചിരുന്നു. കൊയിലാണ്ടി പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ഇരുവരും ശ്രമിക്കുന്നതിനിടയിലാണ് മോഷണം നടത്തിയത്. തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകി.

അറസ്റ്റിലായ പ്രതികൾ

ആർ.പി.എഫ് ഐ.ജി അരുൾ ജ്യോതി, ഡിവിഷണൽ കമ്മിഷണർ നവീൻ പ്രശാന്ത്, ഷൊർണൂർ സി.ഐ പി.വി രാജു, മറ്റ് ഉദ്യോഗസ്ഥരായ മനോജ്കുമാർ യാദവ്, അബ്ബാസ്, വർഗീസ്, ജിബിൻ എ.ജെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘാംഗങ്ങളെ പിടികൂടിയത്. മുഴുവൻ ആഭരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോടതി നടപടിക്രമത്തിന് ശേഷം ആഭരണങ്ങൾ ഉടമയ്ക്ക് നൽകും.