ഓട്ടം കഴിഞ്ഞാൽ ഉദയന് പാട്ടാണ് ആവേശം
മുഹമ്മ: നാട്ടിലെ പാട്ടുതാരമാണ് ഉദയൻ. പ്രദേശത്ത് എവിടെ പരിപാടിയുണ്ടെങ്കിലും
ഓട്ടോക്കാരനായ ഉദയകുമാറിന്റെ കരോക്കെ ഗാനമേളയുണ്ടാകും. മണ്ഡലകാലത്ത് ഭക്തിഗാനമേള, ക്രിസ്‌മസ്- പുതുവത്സരത്തിന് കരോൾ, ചിങ്ങം പിറന്നാൽ ഓണപ്പാട്ട്...ഇതിനിടയിൽ ഓട്ടോ ഓട്ടം. വയലാറിന്റെയും പി.ഭാസ്കരന്റെയും ദേവരാജന്റെയും ഗാനങ്ങളോടാണ് ഉദയന് കൂടുതൽ പ്രിയം. ഓട്ടോ ഓടി കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ഒരു സൗണ്ട് സിസ്റ്റം വാങ്ങിയതോടെ അത് ഇരട്ടിയായി. ഒരു പാട്ടിന് 350 രൂപ നിരക്കിൽ കരോക്കെയും വരികളും ഡൗൺലോഡ് ചെയ്തതിന് തന്നെ നല്ല കാശായി. വിലയേറിയ സൗണ്ട് സിസ്റ്റം വീട്ടിൽ സെറ്റാക്കി
രാത്രിയെന്നോ, പകലെന്നോയില്ലാതെ പാടി തെളിഞ്ഞു.
പിന്നെ ഓണം വന്നാലും കല്ല്യാണം വന്നാലും ഉദയൻ കയറി രണ്ട് മൂന്ന് പാട്ടെങ്കിലും പാടും. കരോക്കെ മൊബൈലിൽ ഉള്ളതുകൊണ്ട് പാട്ടിന്റെ മീറ്റർ പിടിച്ചങ്ങ് പോകും.
അങ്ങനെ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രോത്സാഹനം കൂടി കിട്ടയതോടെ
പിന്നെ ഒട്ടും താമസിച്ചില്ല സ്വന്തമായി ഒരു കരോക്കെ ഗാനമേള ട്രൂപ്പ് തുടങ്ങി. അതും
മകളുടെ പേരിൽ, ഇല്ലു കരോക്കെ!
പാട്ട് പഠിച്ചില്ല, കരോക്കെ തുണച്ചു
മുഹമ്മ സ്രാമ്പിക്കൽ ക്ഷേത്രിന് സമീപം നിവർത്തിൽ എം.എസ്.ഉദയകുമാറിന്
സംഗീതം പാരമ്പര്യമായി കിട്ടിയതല്ല. അത് പഠിക്കാനുള്ള ഭാഗ്യവും ലഭിച്ചില്ല. കണിച്ചുകുളങ്ങര സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംഗീത അദ്ധ്യാപിക
പറഞ്ഞുകൊടുത്ത പാഠങ്ങളാണ് ആകെ കൈമുതൽ. എന്നാൽ അതുമതിയായിരുന്നു ഉദയനിലെ ഭാവഗായകനെ ഉണർത്താൻ. ഒരിക്കൽ പുന്നപ്രയിലേയ്ക്ക് ഒരു ഓട്ടം പോയി. അവിടെ ചെന്നപ്പോൾ ഒരു കടയുടെ ഉദ്ഘാടനം. അവിടെ ആർക്കും പാടാം, ഉദയനും പാടാം. പാടി, ഒരു ഹെഡ് ഫോൺ സമ്മാനമായി കിട്ടി.സംഗീതത്തിന്റെ കാര്യത്തിൽ ഉദയന് വിട്ടുവീഴ്ചയില്ല. ഉദയന്റെ സംഗീത വാസന അറിഞ്ഞ ഗൾഫ് മലയാളി ഒരുകോഡ് ലെസ് മൈക്ക് വാങ്ങാനുള്ള പണം നൽകി. എന്നാൽ ഉദയൻ വാങ്ങിയതോ 8000 രൂപയുടെ മൈക്ക്. ഉദയന്റെ സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയുമായി ആശാ പ്രവർത്തകയായ ഭാര്യ ഗീതയും മകൾ ഇല്ലുവും ഒപ്പമുണ്ട്.