അരൂരിലെ സ്ഥാനാർത്ഥി തർക്കം കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ
വൻ പ്രതിഷേധം ഉയരുന്നു. കെ.പി.സി.സി യുടെ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് പല വാർഡുകളിലും ഏകപക്ഷീയമായാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. മണ്ഡലം പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് ആരോപണം. അരൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് സ്വന്തം സഹോദരനെ സ്ഥാനാർത്ഥിയാക്കുന്നതിനായി ഏറ്റവും സീനിയർ നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) അംഗവുമായ ദീർഘകാല പ്രവർത്തകനായ ടി.പി.സെയ്ഫുദ്ദീനെ തഴഞ്ഞതിലാണ് പ്രവർത്തകരുടെ പ്രതിഷേധം.യു.ഡി.എഫ് ഭൂരിപക്ഷം നേടിയാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്നത് സെയ്ഫുദ്ദീനെയാണെന്നത് അവർ പറയുന്നു. പല വർഷങ്ങളായി പാർട്ടിക്കൊപ്പം നിന്ന സീനിയർ പ്രവർത്തകരുടെ അഭിപ്രായംപോലും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. വനിതാ, പട്ടികജാതി സംവരണ വാർഡുകളിലും അർഹരായ സ്ഥാനാർത്ഥികളെ ഒഴിവാക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ചിലർ ഇതിനകം പാർട്ടി പദവികൾ രാജിവച്ചും പാർട്ടി വിട്ടും പ്രതിഷേധിച്ചത് അരൂരിൽ കോൺഗ്രസിന് കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. 50 വർഷം കോൺഗ്രസ് ഭരിച്ച അരൂരിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽ.ഡി.എഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ ഈ വിവാദങ്ങൾ യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
കെ.പി.സി.സി ഇടപെടണമെന്ന് ആവശ്യം
ഏറെ വർഷങ്ങൾക്ക് ശേഷം ജനറൽ വിഭാഗമായാണ് ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിൽ നിന്ന് ശക്തരായ സ്ഥാനാർത്ഥികളെ പരിഗണിക്കാതിരുന്നതും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്തിരൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗവും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ.സ്മിത സന്തോഷ് ബോർഡ് അംഗസ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഡി.സി.സി അംഗം അഡ്വ.വിപിൻ കുമാറും പാർട്ടി വിടുന്നതായാണ് വിവരം. മണ്ഡലം പ്രസിഡന്റിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്നതെന്ന് പ്രവർത്തകർ തുറന്നുപറയുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾ കെ.പി.സി.സി പരിശോധിച്ച് പരിഹരിക്കണമെന്നതാണ് പ്രവർത്തകരുടെ ആവശ്യം.