തിരഞ്ഞെടുപ്പ് തിരക്കിൽ പ്രിന്റിംഗ് പ്രസ്സുകൾ
വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രിന്റിംഗ് പ്രസ്സുകാർക്ക് ചാകര. പോസ്റ്ററുകൾക്കും ഫ്ലക്സുകൾക്കും ആവശ്യക്കാരേറിയട്ടുണ്ട്. തുരുമ്പ് കയറി മഷി പുരളാതെ കിടന്ന പ്രസ്സുകൾ വരെ പൊടി തട്ടി എടുത്ത് പ്രവർത്തനം ആരംഭിച്ചു. ഉത്സവ സീസണിൽ മാത്രമാണ് അത്യാവശ്യ വർക്കുകൾ പ്രസ്സുകൾക്ക് ലഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രസ്സുകാർ സന്തോഷത്തിലായി. സ്ഥാനാർത്ഥികളും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവരും ഫ്ലക്സുകളും പോസ്റ്ററുകളും അച്ചടിപ്പിക്കാനുള്ള തിരക്കിലാണ്. എല്ലാ പ്രസ്സുകളിലും തിരക്കോട് തിരക്ക്. ഹരിത ചട്ടം പാലിച്ചാണ് പ്രിന്റിംഗ്. പോസ്റ്ററിനും ഫ്ലക്സിനും പുറമെ നോട്ടീസിനും ആവശ്യക്കാരേറെയാണ്. പറഞ്ഞ സമയത്തിന് തന്നെ അച്ചടി പൂർത്തിയാക്കാനുള്ള നെട്ടോട്ടമാണ്. ഒരു പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും ഓർഡർ ഒരുമിച്ചു ലഭിച്ചവരുമുണ്ട്.ഇക്കുറി പോളി എത്‌ലിൻ, കോട്ടൺ ക്ലോത്ത് എന്നിവയിലാണ് പ്രിന്റിംഗ്. ഒരു സ്ഥാനാർത്ഥി 10-15 ഫ്ലക്സുകൾ ഉറപ്പായും പുറത്തിറക്കുന്നുണ്ട്. മഴയും മറ്റും പ്രതീക്ഷിച്ച് അവസാന സമയത്തേക്ക് കൂടുതൽ ഓർഡർ നൽകിയവരുമുണ്ട്.
ഫോട്ടോ വച്ച് വോട്ട് നേടാൻ
നേരിട്ട് സ്റ്റുഡിയോ നിന്ന് ലഭിക്കുന്ന ഫോട്ടോകൾ വലിപ്പത്തിനനുസരിച്ച് പ്രിന്റ് ചെയ്യുകയാണ്. പരമാവധി ചിരിയും സൗമ്യതയും വോട്ടർമാരുടെ മനസിൽ കയറണം. അതാണ് സ്ഥാനാർത്ഥികളുടെ ആവശ്യം. വല്ലപ്പോഴും വരുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രിന്റിംഗ് പ്രസ് ഉടമകൾ. മണിക്കൂറിൽ 200 ഫ്ലക്സുകൾ അച്ചടിക്കാവുന്ന ആധുനിക യന്ത്രങ്ങൾ വരെയുള്ള പ്രസ്സുകളുമുണ്ട്.
വില കൂടി
പരിസ്ഥിതിസൗഹൃദമാകുന്നതിന്റെ ഭാഗമായി ചെലവും ഉയർന്നെന്ന് ഉടമകൾ പറയുന്നു. കോട്ടൺ ഫ്ലക്സിന് 700 -750 രൂപ പ്രിന്റിംഗിന് ചെലവാകുമ്പോൾ വണ്ടിക്കൂലിയടക്കം ആയിരം രൂപയോളമാകും. പോളി എത്‌ലിൻ ഫ്ലക്സിന് 1250 രൂപയെങ്കിലുമാകും. ഇതിന് പുറമെയാണ് പോസ്റ്ററും നോട്ടീസും അടക്കം പ്രിന്റ് ചെയ്യേണ്ടത്.
കോട്ടൺ ഫ്ലക്സിന് - 700 -750 രൂപ