വേദികളിൽ താക്കോൽ സ്ഥാനം വേണമെന്ന് അഞ്ചാം ക്ലാസുകാരി

Sunday 16 November 2025 12:06 AM IST

# 'മന്ത്രി അപ്പൂപ്പന് ' കത്തയച്ചു

ആലപ്പുഴ: സ്കൂളുകളിലെ പൊതുപരിപാടികളിൽ കുട്ടികൾക്കും വേദിയിൽ പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് അഞ്ചാം ക്ലാസുകാരി. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഭവികാലക്ഷ്മിയാണ് (ഗൗരി) സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവുമടക്കമുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി.ശിവൻകുട്ടിക്ക് കത്തയച്ചത് . നേതാക്കളുടെ വലിയ പ്രസംഗങ്ങൾ കേട്ട് സദസ്സിൽ ബോറടിച്ച് ഇരിക്കേണ്ടവരാണോ തങ്ങളെന്നാണ് ഭവികാ ലക്ഷ്മിയുടെ ചോദ്യം.

'ബഹുമാനപ്പെട്ട മന്ത്രി അപ്പൂപ്പന് ' എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിൽ അടുത്തിടെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന അക്ഷരക്കൂട്ട് സാഹിത്യസദസ്സിൽ സ്വാഗത പ്രാസംഗികയാകാൻ സാധിച്ചതിന്റെ സന്തോഷം വിവരിക്കുന്നുണ്ട്. അതു തന്റെ ആത്മവിശ്വാസം ഉയർത്തിയതായും ചൂണ്ടിക്കാട്ടി.

രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ഭവിക എഴുതിയ പഠനവിനോദ യാത്രാക്കുറിപ്പ് മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മന്ത്രിയടക്കം നൽകിയ പ്രോത്സാഹനം കൈമുതലാക്കി അനുഭവക്കുറിപ്പുകൾ കോർത്തിണക്കി "ഗൗരിത്തം'എന്ന പുസ്തകം പിന്നീട് പ്രസിദ്ധീകരിച്ചു. കഥാപ്രസംഗ കലാകാരിയും നൃത്ത വിദ്യാർത്ഥിയുമായ ഭവിക അവശത അനുഭവിക്കുന്നവർ‌ക്ക് സഹായം നൽകിയാണ് തന്റെ ഓരോ പിറന്നാൾ ദിനവും ആഘോഷിക്കുന്നത്. സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവായ അച്ഛൻ എൽ.സുഗതനും അമ്മ റവന്യു ജീവനക്കാരി അനുപമയും മകളുടെ ആഗ്രഹങ്ങൾക്കൊപ്പമുണ്ട്. ഡോ.എ.പി.ജെ അബ്ദുൾകലാം ബാലപ്രതിഭാ പുരസ്ക്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭവിൻ സുഗതനാണ് സഹോദരൻ.