കലാ വിസ്മയത്തിൽ മൺസൂൺ ആർട്ട് ഫെസ്റ്റ്
തിരുവനന്തപുരം: കലാപ്രേമികൾക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി മൺസൂൺ ആർട്ട് ഫെസ്റ്റ്. ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന ആർട്ട്ഫെസ്റ്റിൽ നിരവധി കലാകാരൻമാരുടെ സൃഷ്ടികളാണ് ആസ്വാദകരെ വിസ്മയിപ്പിക്കുന്നത്. ഫൈൻ ആർട്സ് കോളേജ് ആർട്ട് ഗ്യാലറിയിലും മൗവ് ആർട്ട് ഗ്യാലറിയിലുമായി ഏകദേശം എണ്ണൂറോളം കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്. അതിൽ പെയിന്റിംഗ്സ്, ഗ്രാഫിക് പ്രിന്റുകൾ, ശില്പങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഇൻസ്റ്റലേഷൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. അബ്സ്ട്രാക്ട് പെയിന്റിംഗുകളും റിയലിസ്റ്റിക് പോർട്രെയിറ്റുകളും കോളേജ് വിദ്യാർത്ഥികൾ സൃഷ്ടിച്ച പരീക്ഷണാത്മക പെയിന്റിംഗുകളും മരം,കല്ല്,ലോഹം എന്നിവയിലൂടെ രൂപപ്പെടുത്തിയ ശില്പങ്ങളും പ്രദർശനത്തെ കൂടുതൽ ആകർഷകമാക്കുന്നു. കെ.പ്രഭാകരൻ,എൻ.എൻ.റിംസൺ,അഭിമന്യു ഗോവിന്ദൻ,അലക്സാണ്ടർ ദേവസ്യ,ബി.ഡി.ദത്തൻ,കാട്ടൂർ നാരായണപിള്ള,സജിത ശങ്കർ,അനുരാധ നാലപ്പാട്,നിജീന നീലാംബരൻ,ഭാഗ്യനാഥൻ,ടോം വട്ടാകുഴി,ബാബു സേവ്യർ,മുരളി ചീരോത്ത്,പ്രീതി വടക്കത്ത്,സക്കിർ ഹുസൈൻ,അജയകുമാർ,ടെൻസിംഗ് ജോസഫ്,ലിയോൺ.കെ.എൽ,ഷിജോ ജേക്കബ്,വത്സൻ കൂർമ കൊല്ലരി,പി.എസ്.ജലജ,മനോജ് വയലൂർ,പി.ജി.ദിനേശ് തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുത്തു.പത്തുദിവസം നീണ്ടുനിൽക്കുന്ന ആർട്സ് ഫെസ്റ്റിന്റെ ക്യൂറേറ്റർ ചിത്രകാരൻ ടി.ആർ.ഉദയകുമാറാണ്.