കുളമാൻകോട്, വലിയവേങ്കാട്, കണ്ണങ്കര മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റ് വെളിച്ചം വിതറും
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ വലിയവേങ്കാട്ടും പുളിച്ചാമല വാർഡിലെ കുളമാൻകോട് ക്ഷേത്രനടയിലും പരപ്പാറ വാർഡിലെ കണ്ണങ്കരയിലും ഇനി ഹൈമാസ്റ്റ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറും. ലൈറ്റ് ഇല്ലാത്തതുമൂലം തോട്ടുമുക്ക് വലിയവേങ്കാട് റോഡ് കൂരിരുട്ടിൽ മുങ്ങുന്ന അവസ്ഥയിലായിരുന്നു. നേരത്തേ ഉണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റും മിഴിയടച്ചതോടെ രാത്രിയിൽ വഴിനടക്കുവാൻ കഴിയാത്ത അവസ്ഥയും സംജാതമായി. മാത്രമല്ല ഇരുളിന്റെ മറവിൽ മോഷ്ടാക്കളും, സാമൂഹികവിരുദ്ധരും തലപൊക്കുന്നുമുണ്ട്. തെരുവ്നായശല്യവും പന്നിശല്യവും കൂടിയതോടെ ജനത്തിന് രാത്രിയിൽ വഴിനടക്കാൻ കഴിയാതെയായി.
പ്രശ്നം പലതവണ അധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവന്നെങ്കിലും നടപടികൾ സ്വീകരിച്ചില്ല. പുളിച്ചാമല കുളമാൻകോട് മേഖലയിലെയും, കണ്ണങ്കരയിലേയും അവസ്ഥയും വിഭിന്നമല്ലായിരുന്നു.
പ്രശ്നത്തിന് പരിഹാരമായി
രാത്രിയിൽ പ്രകാശം ഇല്ലാത്തതുമൂലം നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസറും, പരപ്പാറ വാർഡ്മെമ്പർ ചായംസുധാകരനും അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകി. തുടർന്ന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്നിടത്തും ലൈറ്റ്സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. അടിയന്തരമായി ലൈറ്റുകളും സ്ഥാപിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ പേരയത്തുപാറ ജംഗ്ഷനിൽ അനുവദിച്ച ലൈറ്റിന്റെ ഉദ്ഘാടനം അടൂർപ്രകാശ് എം.പി നിർവഹിച്ചു. ലൈറ്റ് അനുവദിച്ച അടൂർപ്രകാശ് എം.പിക്ക് തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസറും പരപ്പാറ വാർഡ്മെമ്പർ ചായംസുധാകരനും നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനം നടത്തി
തോട്ടുമുക്ക് വലിയവേങ്കാട്ടും പുളിച്ചാമല കുളമാൻകോട് ക്ഷേത്രനടയിലും കണ്ണങ്കരജംഗ്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, വൈസ് പ്രസിഡന്റ് ബി.സുശീല, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന, തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ, പരപ്പാറ വാർഡ്മെമ്പർ ചായംസുധാകരൻ എന്നിവർ പങ്കെടുത്തു.