റിട്ട.ബാങ്ക് ജീവനക്കാരിയിൽ നിന്നും 66ലക്ഷം രൂപ തട്ടിയെടുത്തു

Sunday 16 November 2025 2:28 AM IST

തലയോലപ്പറമ്പ്: വാട്സ് ആപ്പ് വഴി വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി തലയോലപ്പറമ്പ് സ്വദേശിനിയായ റിട്ട.എസ്ബിഐ ജീവനക്കാരിയിൽ നിന്നും 66ലക്ഷം രൂപ തട്ടിയെടുത്തു. ഇവരുടെ റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുക ഉൾപ്പെടെ നഷ്ടമായി. ആധാർ കാർഡ് ഉപയോഗിച്ച് മുബൈയിലെ കനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുണ്ടെന്നും അതിനാൽ അക്കൗണ്ടിലുള്ള പണം നിയമാനുസൃതമല്ലെന്നും അറസ്റ്റ് വാറന്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു തട്ടിപ്പ്. ഈ മാസം 5മുതൽ 12വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. നിയമാനുസൃതമായ പണമെന്ന് തെളിയിക്കണമെങ്കിൽ അക്കൗണ്ടിലുള്ള തുക ട്രാൻസർ ചെയ്ത് നൽകണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുംബൈ പൊലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്നാണ് വിളിക്കുന്നതെന്നും ആധാർ ബോംബയിൽ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു ഫോൺ ചെയ്തത്. മുംബൈയിൽ പോയ സമയം എയർപോർട്ടിൽ വെരിഫിക്കേഷനായി ആധാർ നൽകിയെന്ന് പറഞ്ഞതോടെ ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ കനറാ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും രാജ്യദ്രോഹ കുറ്റമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.