തെങ്കാശി പാതയിൽ അപകട മരണങ്ങൾ തുടർക്കഥ

Sunday 16 November 2025 1:27 AM IST

പാലോട്: തെങ്കാശി പാതയിൽ കുശവൂർ ജംഗ്ഷനും ഫോറസ്റ്റ് റേഞ്ച് ഓഫീസിനും മദ്ധ്യേ വാഹനാപകടങ്ങൾ പെരുകുന്നു. ആറു മാസത്തിനുള്ളിൽ അപകടങ്ങളിൽ മരിച്ചവർ 8 പേരാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ എത്രയോ ഇരട്ടിയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം കാറിടിച്ച് മരണമടഞ്ഞ കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ മുരളിയാണ് അപകട നിരയിലെ അവസാനത്തേത്.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ സ്ഥലത്ത് നടന്ന മറ്റൊരു അപകടത്തിൽ മൊബൈൽ ഷോപ്പ് ജീവനക്കാരൻ അനന്തു (24) മരിച്ചതും അമിത വേഗത്തിലെത്തിയ മീൻ ലോറി ബൈക്കിലിടിച്ചായിരുന്നു. ഇവിടെ തന്നെ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാനിടിച്ച് മൈലമുട് അടപ്പുപാറ സ്വദേശി ഷാജി മരണമടഞ്ഞിരുന്നു. രണ്ട് അപകടങ്ങളിലായി ഇരുചക്രവാഹനയാത്രക്കാരായ രണ്ട് യുവാക്കളും ഇടിഞ്ഞാർ ഹൈസ്കൂൾ വിദ്യാർത്ഥിനിയും മരണമടഞ്ഞതും ഇവിടെയാണ്. ഇത്രയും മരണങ്ങൾ നടന്നിട്ടും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജംഗ്ഷനോട് ചേർന്ന ഭാഗമായിട്ടും ഇവിടെ ഒരു സ്ട്രീറ്റ് ലൈറ്റ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അടിയന്തരമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനോപ്പം അമിതവേഗതക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.