രാഷ്‌ട്രീയം മതിയാക്കി ലാലുവിന്റെ മകൾ രോഹിണി

Sunday 16 November 2025 12:44 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ രാഷ്ട്രീയം മതിയാക്കി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ഒപ്പം കുടുംബത്തെയും ഉപേക്ഷിക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു. തീരുമാനമെടുക്കാൻ കാരണം സഹോദരൻ തേജസ്വി യാദവിന്റെ വിശ്വസ്തനും എം.പിയുമായ സഞ്ജയ് യാദവും സുഹൃത്ത് റമീസ് ആലവുമാണെന്നും രോഹിണി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് തേജസ്വി യാദവ് നടത്തിയ യാത്രയിൽ സഞ്ജയ് യാദവിനെ ഒപ്പമിരുത്തിയതിനെ രോഹിണി പരസ്യമായി എതിർത്തിരുന്നു. തേജസ്വിയെ സഞ്ജയ് നിയന്ത്രിക്കുന്നുവെന്നും അവർ പറഞ്ഞു. വിവാഹശേഷം സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ മെഡിക്കൽ ബിരുദധാരിയായ രോഹിണി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. ലാലുവിന് വൃക്ക ദാനം ചെയ്‌ത് വാർത്തയിൽ ഇടം നേടിയിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് കുടുംബം വിടുന്ന രണ്ടാമത്തെ ആളാണ് രോഹിണി. ഒരു യുവതിയുമായുള്ള ബന്ധം വെളിപ്പെടുത്തിയതിന് മൂത്തമകൻ തേജ് പ്രതാപ് യാദവിനെ ലാലു വീട്ടിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തേജ് പ്രതാപ് ജനശക്തി ജനതാദൾ പാർട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ക്ളച്ചു പിടിച്ചില്ല. മഹുവയിൽ പരാജയപ്പെട്ടു.