വിലക്കയറ്റം,​ വിട്ടുവീഴ്ചയുമായി ട്രംപ്: ബീഫിനും ഓറഞ്ചിനും തീരുവ ഇല്ല

Sunday 16 November 2025 7:05 AM IST

വാഷിംഗ്ടൺ: പലചരക്കു സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ തീരുവ നയങ്ങളിൽ വിട്ടുവീഴ്ചയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീഫ്, കാപ്പി, ഓറഞ്ച് തുടങ്ങി 200ലേറെ ഭക്ഷ്യ ഉത്പന്നങ്ങളുടെ തീരുവ ഒഴിവാക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതോടെ ഇളവ് പ്രാബല്യത്തിൽ വന്നു. യു.എസിൽ അധികം ഉത്പാദിപ്പിക്കാത്ത ഇനങ്ങൾക്കാണ് ഇളവ്.

പണപ്പെരുപ്പ ആശങ്കകൾ ശക്തമായതോടെയാണ് ട്രംപിന്റെ നയമാറ്റം. ഭക്ഷ്യ വസ്തുക്കൾ അടക്കം ഇറക്കുമതി ചെയ്യുന്ന വിവിധതരം ഉത്പന്നങ്ങൾക്ക് കഴിഞ്ഞ ഏപ്രിലിലാണ് ട്രംപ് പകരത്തീരുവ ചുമത്തിയത്. അതേ സമയം, ചീസ്, വൈൻ, പഞ്ചസാര തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് തീരുവ ബാധകമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നത് യു.എസിലെ സാധാരണക്കാർക്കിടെയിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന ഗവർണർ, മേയർ തിരഞ്ഞെടുപ്പുകളിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ ഇതു പ്രതികൂലമായി ബാധിച്ചു. താൻ ഏർപ്പെടുത്തിയ തീരുവകൾ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്നായിരുന്നു ട്രംപിന്റെ വാദം. പണപ്പെരുപ്പം ഏതാണ്ട് ഇല്ലാതായെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. അതിനിടെ, വരുമാനം കുറഞ്ഞവർക്ക് 2,​000 ഡോളർ വീതം തീരുവാ ലാഭവിഹിതം അടുത്ത വർഷം നൽകുമെന്ന് ട്രംപ് പറഞ്ഞു.

# ഒഴിവാക്കപ്പെട്ടവ

ബീഫ് ഉത്പന്നങ്ങൾ, കാപ്പി, തേയില, ഫ്രൂട്ട് ജ്യൂസ്, പഴം, ഓറഞ്ച്, തക്കാളി, അവക്കാഡോ, തേങ്ങ, മാമ്പഴം, പൈനാപ്പിൾ, പേരയ്ക്ക, നാരങ്ങ, കൊക്കോ, ഏലയ്ക്ക, ഗ്രാമ്പു, മല്ലി, ജീരകം, ഇഞ്ചി, കുങ്കുമപ്പൂ, മഞ്ഞൾ, വാനില ബീൻസ്, നട്ട്സ്, ബാർലി, മരച്ചീനി തുടങ്ങിയവ. ചില വളങ്ങൾ

# പ്രധാന ഗുണം ലാറ്റിൻ അമേരിക്കയ്ക്ക്

അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ബ്രസീൽ എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കാണ് ഇളവ് പ്രധാനമായും ഗുണംചെയ്യുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ തീരുവ നീക്കാൻ അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവരുമായുള്ള വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. മാമ്പഴം, തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കുള്ള ഇളവ് ഇന്ത്യ, കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് കരുതുന്നു.