ബി.ബി.സി വിവാദം: നഷ്ടപരിഹാരം വേണമെന്ന് ട്രംപ്
ലണ്ടൻ: ഡോക്യുമെന്ററി വിവാദത്തിൽ ബ്രിട്ടീഷ് മാദ്ധ്യമമായ ബി.ബി.സിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബി.ബി.സിയിൽ നിന്ന് 500 കോടി ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടേക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപിനെ പറ്റിയുള്ള ബി.ബി.സി ഡോക്യുമെന്ററിയിൽ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലെ എഡിറ്റിംഗ് നടത്തിയതാണ് വിവാദമായത്. 2021 ജനുവരിയിലെ കാപിറ്റോൾ കലാപത്തിന് ട്രംപ് ആഹ്വാനം നൽകിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വ്യത്യസ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർക്കുകയായിരുന്നു.
വിഷയത്തിൽ ബി.ബി.സി കഴിഞ്ഞ ദിവസം ട്രംപിനോട് മാപ്പുപറഞ്ഞിരുന്നു. ഡോക്യുമെന്ററി പിൻവലിക്കുകയും ചെയ്തു. എന്നാൽ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ അഭിഭാഷകരുടെ ആവശ്യം ബി.ബി.സി തള്ളി. വിവാദ പശ്ചാത്തലത്തിൽ ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ ഡെബോറ ടർണെസും നേരത്തെ രാജിവച്ചിരുന്നു.