യുദ്ധത്തിന് കാരണമായ കല്ലറ
ബീജിംഗ് : മദ്ധ്യേഷ്യൻ പ്രദേശങ്ങളെ തന്റെ സാമ്രാജ്യങ്ങളാക്കി മാറ്റി അടക്കി ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു തിമൂർ. 1405 ൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടങ്ങിയ കല്ലറ നൂറ്റാണ്ടുകൾക്ക് ശേഷം 1941 ജൂൺ 19ന് മൂന്ന് സോവിയറ്റ് നരവംശ ശാസ്ത്രജ്ഞർ പഠനങ്ങൾക്കായി തുറന്നു. എന്നാൽ കല്ലറയ്ക്ക് മുകളിൽ ഓരോ ലിഖിതങ്ങൾ കുറിച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്രെ.
' ഞാൻ എന്നാണോ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നത്, അന്ന് ലോകം വിറയ്‌ക്കും !' ഗവേഷകർ ആ വാചകങ്ങൾക്ക് അത്ര വിലകൊടുത്തില്ല. കല്ലറയിൽ നിന്ന് തിമൂറിന്റെ ശരീരം പുറത്തെടുത്തപ്പോൾ മറ്റൊരു ലിഖിതം കൂടി കണ്ടു. 'എന്റെ കല്ലറ തുറക്കുന്നതാരാണോ, അവർ എന്നെക്കാൾ ഭീകരനായ ഒരാളുടെ ആക്രമണം നേരിടേണ്ടി വരും !" അതും അവർ അത്ര കാര്യമാക്കിയില്ല. എന്നാൽ, മൂന്ന് ദിവസങ്ങൾക്ക് ശേഷം അഡോൾഫ് ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു.
' ഓപ്പറേഷൻ ബാർബറോസ' എന്ന പേരിട്ടിരുന്ന ഇത് സോവിയറ്റിന് മേൽ ഹിറ്റ്‌ലർ നടത്തിയ ഏറ്റവും വലിയ സൈനികാക്രമണമായിരുന്നു. പതിനായിരക്കണക്കിന് പേരുടെ ജീവൻ സോവിയറ്റ് യൂണിയന് നഷ്‌ടമായി. ഒടുവിൽ 1942 നവംബറിൽ എല്ലാ ആചാരങ്ങളോടെയും തിമൂറിന്റെ ശരീരം വീണ്ടും സംസ്കരിച്ചു. തൊട്ടടുത്ത വർഷം, ഫെബ്രുവരി മാസത്തിൽ നടന്ന സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയ്ക്ക് മേൽ വിജയം നേടുകയും ചെയ്തു. അതേ സമയം, തിമൂറിന്റെ കല്ലറയിലെ പ്രവചനം ഗവേഷകർ തന്നെ കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്നുണ്ട്.