'ഒമ്പത് വർഷമായി നസീറിനെ എനിക്കറിയാം, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു മതം മാറ്റവും വിവാഹവും'

Sunday 16 November 2025 11:28 AM IST

ലാഹോർ: തീർഥാടനത്തിനിടെ പാകിസ്ഥാനിൽ വച്ച് കാണാതായ 52കാരിയായ സിഖ് വനിത മതം മാറി പാക് പൗരനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരം. പാകിസ്ഥാൻ പൗരനായ നസീർ ഹുസൈനെയാണ് പഞ്ചാബിലെ കപൂർത്തല സ്വദേശിനിയായ സരബ്‌ജീത് കൗർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഷെയ്ഖുപുരയിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ 52കാരി സത്യവാങ്മൂലം നൽകി. പാകിസ്ഥാൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒമ്പത് വർഷമായി തനിക്ക് നസീറിനെ അറിയാമെന്നും, അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും മജിസ്‌ട്രേറ്റിനോട് സരബ്‌ജീത് കൗർ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമുണ്ടെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ഷെയ്ഖുപുര ഡിസ്ട്രിക്ട് ബാർ അംഗമായ അഹമ്മദ് ഹസൻ പാഷയാണ് കൗറിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ. ഇസ്ലാം മതം സ്വീകരിക്കാനും പാകിസ്ഥാൻ പൗരനെ വിവാഹം കഴിക്കാനുമുള്ള തീരുമാനം തന്റേതാണെന്നും നിലവിൽ ഭർത്താവ് നസീർ ഹുസൈനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൗർ മൊഴി നൽകിയെന്നുമാണ് വിവരം.

കോടതി രേഖകൾ പ്രകാരം, സരബ്‌ജീത് കൗർ മതം മാറിയ ശേഷം 'നൂർ' എന്ന പേരും സ്വീകരിച്ചു. മതം മാറാൻ ഒരിക്കൽ പോലും തനിക്ക് നിർബന്ധമുണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. നവംബർ അഞ്ചിന് ഷെയ്ഖുപുരയിലെ ഫാറൂഖാബാദിൽ വച്ചാണ് വിവാഹം നടന്നത്. 10,000 രൂപയായിരുന്നു മഹർ . ഇതിനോടകം മഹർ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. സമ്മർദ്ദങ്ങളുണ്ടായിട്ടില്ലെന്ന് ആവർത്തിച്ചുള്ള അപേക്ഷയാണ് കൗർ കോടതിയിൽ സമർപ്പിച്ചത്. വിവാഹ സർട്ടിഫിക്കറ്റിൽ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുരുനാനാക് ദേവിന്റെ പ്രകാശ് പർവ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാനിലെ കർതാപൂർ ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് കൗറിനെ കാണാതായത്. സിഖ് ആരാധനാലയങ്ങൾ സന്ദർശിക്കാൻ നവംബർ നാലിനാണ് കൗറും മറ്റ് സിഖ് തീർഥാടകരും വാഗാ-അഠാരി അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയത്. ഈ വർഷം ഗുരുനാനാക് ദേവിന്റെ 555-ാമത് ജന്മവാർഷികമായിരുന്നു പ്രകാശ് പർവായിരുന്നു. നവംബർ 13ന് പത്ത് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി 1,992 തീർഥാടകർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും സരബ്‌ജീത് കൗർ അവരോടൊപ്പം ഉണ്ടായിരുന്നില്ല.

വിവാഹമോചിതയായ കൗറിന്, ഏകദേശം 30 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന മുൻ ഭർത്താവ് കർണൈൽ സിങ്ങിൽ രണ്ട് മക്കളുണ്ട്. കൗറിന്റെ പാസ്‌പോർട്ട് പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ നിന്നാണ് അനുവദിച്ചത്. സരബ്‌ജീത് പാകിസ്ഥാനിൽ വച്ച് അപ്രത്യക്ഷയായി എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് പുറത്തുകടന്നതിന്റെയോ ഇന്ത്യയിൽ പ്രവേശിച്ചതിന്റെയോ ഇമിഗ്രേഷൻ രേഖകളിൽ അവരുടെ പേര് കാണുന്നില്ല. കൗർ തിരിച്ചെത്താത്തതിനെ തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് ഉടൻ തന്നെ പഞ്ചാബ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കപൂർത്തല ജില്ലയിലെ സുൽത്താൻപൂർ ലോധിക്ക് കീഴിലുള്ള അമനിപ്പൂർ ഗ്രാമത്തിലാണ് രണ്ട് മക്കൾക്കൊപ്പം കൗർ താമസിച്ചിരുന്നത്. അമ്മ പാകിസ്ഥാനിൽ തങ്ങിയ വിവരം, കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും പൊലീസും തങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളിയാഴ്ച മക്കൾ അറിയുന്നത്. കൗറിനെതിരെ മുമ്പ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, എല്ലാ കേസുകളിലും അവർ കുറ്റവിമുക്തയാക്കപ്പെട്ടുവെന്ന് കപൂർത്തല പൊലീസ് ശനിയാഴ്ച അറിയിച്ചു.