'മാനസികമായി തളർന്നു', അന്നാണ് സഞ്ജു ടീം വിടുന്നതിനെക്കുറിച്ച് സംസാരിച്ചത്; വെളിപ്പെടുത്തലുമായി റോയൽസ് ഉടമ
ജയ്പൂർ: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് കൈമാറിയുള്ള ട്രേഡ് ഡീലിലാണ് സഞ്ജുവിന്റെ കൂടുമാറ്റം. ഐപിഎൽ ടീമുകൾ നിലനിർത്താനും ഒഴിവാക്കാനുമുള്ള കളിക്കാരുടെ പട്ടിക അന്തിമമാക്കിയ ദിവസമാണ് കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ സഞ്ജുവിന്റെ കൂടുമാറ്റത്തിനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദ്‌ലെ. വൈകാരികമായി താരം തളർന്നതാണ് ടീം മാറാൻ കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഉടമ ഇക്കാര്യം വ്യക്തമാക്കിയത്. 'കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ കൊൽക്കത്തയിൽ വച്ചാണ് സഞ്ജു ആദ്യമായി ടീം വിടുന്നതിനെക്കുറിച്ച് സംസാരിച്ചത്. മത്സരശേഷം ഞങ്ങൾ മീറ്റിംഗ് നടത്തി. അദ്ദേഹം വളരെ സത്യസന്ധനാണ്, അന്നേരം വ്യക്തിപരമായും വൈകാരികപരമായും അദ്ദേഹം തളർന്നിരുന്നു. രാജസ്ഥാനെക്കുറിച്ച് അദ്ദേഹത്തിന് കരുതലുണ്ട്. 18 വർഷത്തിനിടയിലെ ഏറ്റവും മോശം സീസൺ അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരിക്കാം.'- മനോജ് ബദ്‌ലെ പറഞ്ഞു.
രാജസ്ഥാൻ റോയൽസിന് വേണ്ടി 14 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം പുതിയൊരു അദ്ധ്യായം തുടങ്ങാനും ഐപിഎൽ യാത്രയിൽ പുത്തൻ ഉണർവ് നൽകാനും വേണ്ടിയാണ് താരം മാറ്റം ആഗ്രഹിച്ചതെന്നും ബദ്‌ലെ കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ ആത്മാർത്ഥത കണക്കിലെടുത്ത് ടീം മാറാനുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു. 2013ലാണ് ആദ്യമായി സഞ്ജു റോയൽസിൽ എത്തുന്നത്. 2015 വരെ ടീമിന്റെ ഭാഗമായിരുന്ന ശേഷം രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ചു. 2018ൽ റോയൽസിലേക്ക് തിരിച്ചെത്തിയ സഞ്ജു 2025 വരെ ടീമിൽ തുടർന്നു. ഐപിഎൽ 2022 സീസണിൽ സഞ്ജു ക്യാപ്ടനായിരുന്നപ്പോൾ രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയിരുന്നു. എന്നാൽ അന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവിയായിരുന്നു ഫലം.