'പ്രത്യേക  ഉദ്ദേശത്തോട്  കൂടിയല്ല എമ്പുരാൻ  ചെയ്തത്, രാഷ്ട്രീയ  പ്രസ്താവന  നടത്താൻ സിനിമ  ചെയ്യില്ല'

Sunday 16 November 2025 4:46 PM IST

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2025 മാർച്ച് ഏഴിനാണ് ചിത്രം പുറത്തിറങ്ങിയത്. ആഗോളതലത്തിൽ 200 കോടി ക്ലബിലാണ് ചിത്രം ഇടംനേടിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ആ നേട്ടവും സ്വന്തമാക്കിയത്.

ഇപ്പോഴിതാ അന്ന് സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വിവാദങ്ങൾക്കെതിരെ തന്റെ നിലപാട് ആദ്യമായി വെളിപ്പെടുത്തുന്നത്. തന്റെ സിനിമയിലൂടെ ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു.

'ഒരു പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ല ആ സിനിമ ഞാൻ ചെയ്തത്. അതിൽ ഞാൻ ബോധവാനാണ്. സിനിമയുടെ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു, ചെയ്തു. എമ്പുരാൻ എന്നെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുകയെന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. അതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ സംവിധായകൻ എന്ന നിലയിൽ എന്റെ തോൽവിയാണ്.

ഞാനൊരിക്കലും ഒരു രാഷ്ട്രീയ പ്രസ്താവന പറയാൻ വേണ്ടി സിനിമ ചെയ്യില്ല. അതിന് കോടികൾ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ ഒരു സ്റ്റേറ്റ്‌മെന്റ് ഇട്ടാൽ മാത്രം മതി. അതിന് ഇത്രയും വലിയ സിനിമ ചെയ്യേണ്ടതില്ല. ഞാൻ എന്നോട് തന്നെ സത്യസന്ധത പുലർത്തുന്നിടത്തോളം എന്റെ ഉള്ളിൽ ആ ബോധ്യം ഉണ്ടെങ്കിൽ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ ആരെയും ഭയപ്പെടേണ്ട കാര്യമോ ഇല്ല.' - പൃഥ്വിരാജ് പറഞ്ഞു.