രാജമൗലി ചിത്രം വാരാണസി, അഞ്ച് മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വാരാണസി എന്ന് പേരിട്ടു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവന്റിൽ റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരെ സ്വന്തമാക്കി ലോകവ്യാപകമായി ട്രെൻഡിംഗിൽ മുന്നിലാണ്. ചിത്രത്തിൽ രുദ്ര എന്ന നായക കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവരും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. നേരത്തേ പൃഥിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന പ്രതിനായക കഥാപാത്രത്തിന്റെയും പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന മന്ദാകിനി എന്ന കഥാപാത്രത്തിന്റെയും പോസ്റ്രർ പുറത്തുവന്നിരുന്നു. 130ഃ100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലായിരുന്നു ട്രെയിലർ പ്രദർശനം. സി.ഇ 512ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീട് 2027ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടർന്നങ്ങോട്ട് അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200ലെ ലങ്കാനഗരം, വാരാണസിയിലെ മണികർണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ഉണ്ട്. കൈയിൽ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാൽ തന്നെ തിയേറ്ററുകളിൽ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ നാരായണ, എസ്.എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബാഹുബലി, ആർ.ആർ.ആർ എന്നീ ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി.ആർ.ഒ: ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്: പ്രതീഷ് ശേഖർ.