തീർത്ഥാടകരെ വരവേറ്റ് എരുമേലി, ഇനി ശരണാരവം
എരുമേലി : മണ്ണിലും വിണ്ണിലും മനസ്സിലും ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകളായി. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് തീർത്ഥാടകലക്ഷങ്ങളാണ് ഇനി മതമൈത്രിയുടെ മണ്ണായ എരുമേലിയിലെത്തുക. ഇന്നലെ മുതൽ തിരക്ക് തുടങ്ങി. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലിയിൽ പേട്ടതുള്ളിയശേഷമാണ് പമ്പയിലേക്കും തുടർന്ന് സന്നിധാനത്തിലേക്കും ഭക്തർ യാത്രയാകുന്നത്. ശരീരത്തിലാകെ നിറങ്ങൾ പൂശി കിരീടവും മറ്റും ധരിച്ച് 'അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരികളുമായാണ് പേട്ടതുള്ളൽ. കൊച്ചമ്പലത്തിൽ നിന്ന് ശരക്കോലുകളും വാളുകളും ഗഥകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാവരുപള്ളിയിലെത്തി വലം വച്ചശേഷമാണ് പ്രധാന പാതയിലൂടെ വലിയമ്പലത്തിലേക്കു പോകുക. പേട്ടതുള്ളലിനുശേഷം അഴുത, കാളകെട്ടി കാനനപാതയിലൂടെ നടന്നു പോകുന്നവരുമുണ്ട്. ഏറെപ്പേരും കണമല, നിലയ്ക്കൽ വഴി പമ്പയിലേക്ക് വാഹനങ്ങളിലെത്തുകയാണ് പതിവ്. രാപ്പാകൽ തീർത്ഥാകടരുടെ വരവും, പാർക്കിംഗ്, വ്യാപാരത്തിരക്കുമൊക്കെയായി എരുമേലി ജനനിബിഡമാകും.
പഴുതടച്ച സുരക്ഷ
വലിയമ്പലത്തിന് മുൻപിലായി പൊലീസ് കൺട്രോൾ റൂം തുറന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. 500 ഓളം പൊലീസ് സേനാംഗങ്ങളെയും, എസ്.പി.ഒമാരെയുമാണ് വിന്യസിച്ചിരിക്കുന്നത്.
തീർഥാടന പാതയിൽ സുരക്ഷ ഒരുക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സംവിധാനവും ആരംഭിച്ചു. 7 വാഹനങ്ങളിലായി 7 സ്ക്വാഡുകൾ ഡ്യൂട്ടിയിലുണ്ടാകും .എരുമേലി - കണമല , എരുമേലി - -മുണ്ടക്കയം, എരുമേലി - പൊൻകുന്നം, കണമല - അഴുത റൂട്ടുകളിലാണ് സേഫ് സോൺ വാഹനങ്ങൾ പട്രോളിംഗ് നടത്തുക. കോട്ടയം എൻഫോഴ്സമെന്റ് ആർ.ടി.ഒ കെ.ഷിബു സേഫ് സോണിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഫയർഫോഴ്സും സജ്ജം
ദേവസ്വം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. ഒരു ഫയർ എൻജിൻ, ഒരു വാട്ടർ ലോറി ഒരുറിക്കവറി വെഹിക്കിൾ, ആംബുലൻസ് മിനി ഫയർ എൻജിൻ,പിക്കപ്പ് ലോറി, ബുള്ളറ്റ് 35 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായുള്ളത്.
കാളകെട്ടിയിൽ താത്കാലിക യൂണിറ്റും
ശൗചാലയം തുറന്ന് നൽകിയില്ല
സീസണിന്റെ തുടക്കത്തത്തിൽ പരാതികളും ഉയർന്ന് തുടങ്ങി. വലിയമ്പലത്തിനോട് ചേർന്നുള്ള ശൗചാലയം തുറന്ന് നൽകാത്തത് തീർത്ഥാടകരെ വലയ്ക്കുകയാണ്. പൊതുസ്ഥലക്ക് കാര്യം സാധിക്കേണ്ട ഗതികേടിലാണ് തീർത്ഥാടകർ. മാലിന്യവും പലയിടത്തും കുന്നുകൂടി കിടക്കുകയാണ്. ഇത് പകർച്ചവ്യാധികൾ പെരുകാൻ ഇടയാക്കുമെന്നാണ് ആശങ്ക. നിരവധി താത്കാലിക ഹോട്ടലുകളും പ്രവർത്തനം തുടങ്ങി. തീർത്ഥാടകർക്കായുള്ള വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. മകരവിളക്ക് സീസൺ വരെ ഒരുകോടിയിലേറെ തീർത്ഥാടകർ എരുമേലിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.